---
title: "#vijay | പുഷ്‍പയ്ക്ക് ലഭിച്ചത് ലിയോയ്ക്ക് ലഭിച്ചില്ല; പാൻ ഇന്ത്യൻ സ്റ്റാർ ആവാനുള്ള വിജയിയുടെ അവസരം നഷ്ടമായി "
english_title: "#Leo #get #Pushpa #vijay #chance #become #PanIndian #star #lost"
publisher: "moviemax.in"
canonical_url: "https://moviemax.in/news/156109/leo-get-pushpa-vijay-chance-become-panindian-star-lost"
published_at: "2023-10-22T19:58:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65353313490cd_leo.jpg"
keywords: []
---

# #vijay | പുഷ്‍പയ്ക്ക് ലഭിച്ചത് ലിയോയ്ക്ക് ലഭിച്ചില്ല; പാൻ ഇന്ത്യൻ സ്റ്റാർ ആവാനുള്ള വിജയിയുടെ അവസരം നഷ്ടമായി 

> **Lead Summary:** **[ തെ**ന്നിന്ത്യൻ സിനിമകളോട് ഉത്തരേന്ത്യൻ പ്രേക്ഷകർക്ക് ഇപ്പോഴുള്ള അധിക താൽപര്യത്തിന് തുടക്കമിട്ടത് ബാഹുബലി ഫ്രാഞ്ചൈസിയാണ്. പിന്നീട് കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ കൂടുതൽ ജനപ്രിയമായതും തെന്നിന്ത്യൻ സിനിമകൾ കാണാൻ ഉത്തരേന്ത്യൻ‌ പ്രേക്ഷകർക്ക് അവസരം ഒരുക്കി.

## Article Content

**[ തെ**ന്നിന്ത്യൻ സിനിമകളോട് ഉത്തരേന്ത്യൻ പ്രേക്ഷകർക്ക് ഇപ്പോഴുള്ള അധിക താൽപര്യത്തിന് തുടക്കമിട്ടത് ബാഹുബലി ഫ്രാഞ്ചൈസിയാണ്. പിന്നീട് കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ കൂടുതൽ ജനപ്രിയമായതും തെന്നിന്ത്യൻ സിനിമകൾ കാണാൻ ഉത്തരേന്ത്യൻ‌ പ്രേക്ഷകർക്ക് അവസരം ഒരുക്കി.

കെജിഎഫ് ഫ്രാഞ്ചൈസി, പുഷ്പ, കാന്താര പോലെയുള്ള ചിത്രങ്ങളും അവിടെ ഓളമുണ്ടാക്കി. ബാഹുബലിക്ക് ശേഷം ഹിന്ദി പ്രേക്ഷകർക്കിടയിൽ ഏറ്റവും തരംഗം തീർത്തത് അല്ലു അർജുൻറെ തെലുങ്ക് ചിത്രം പുഷ്പ ആയിരുന്നു. ചിത്രത്തിൻറെ ഹിന്ദി പതിപ്പ് മാത്രം 100 കോടിക്ക് മുകളിലാണ് കളക്റ്റ് ചെയ്തത്.

ഇപ്പോഴിതാ വിജയിയുടെ പുതിയ തമിഴ് ചിത്രം ലിയോ മികച്ച ഓപണിംഗ് നേടി മുന്നേറുമ്പോൾ ചിത്രത്തിൻറെ ഉത്തരേന്ത്യൻ റിലീസ് സംബന്ധിച്ച പ്രശ്നങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. ദേശീയ മൾ‌ട്ടിപ്ലെക്സുകളിൽ ഇന്ന് ഹിന്ദി ചിത്രങ്ങൾ പ്രദർശിപ്പിക്കണമെങ്കിൽ അവ എട്ട് ആഴ്ചയ്ക്ക് ശേഷം മാത്രം ഒടിടി റിലീസ് എന്ന നിബന്ധന പാലിച്ചിരിക്കണം.

പുഷ്പ ഹിന്ദി പതിപ്പ് വലിയ ഹിറ്റ് ആയപ്പോൾ ഒടിടി കരാർ നേടിയിരുന്ന ആമസോൺ പ്രൈം വീഡിയോയുമായി ചർച്ച നടത്തി അനുകൂലമായ നടപടി വാങ്ങിയെടുക്കാൻ നിർമ്മാതാക്കൾക്ക് സാധിച്ചിരുന്നു. ഇതുപ്രകാരം മറ്റ് ഭാഷകളിൽ പുഷ്പ ഒടിടിയിൽ എത്തിയപ്പോഴും ഹിന്ദി പതിപ്പ് എത്തിയിരുന്നില്ല. ഒരാഴ്ച കഴിഞ്ഞാണ് പ്രൈമിൽ ഹിന്ദി പതിപ്പ് എത്തിയത്.

എന്നാൽ ലിയോയുടെ കാര്യത്തിൽ കാര്യങ്ങൾ അനുകൂലമായല്ല സംഭവിച്ചത്. തങ്ങൾ നെറ്റ്ഫ്ലിക്സുമായി കരാർ ഒപ്പിട്ടുകഴിഞ്ഞാണ് ദേശീയ മൾട്ടിപ്ലെക്സ് ശൃംഖലകൾ ഈ മാനദണ്ഡം ശ്രദ്ധയിൽ പെടുത്തി രംഗത്തെത്തിയതെന്നാണ് ലിയോ നിർമ്മാതാവ് എസ് എസ് ലളിത് കുമാർ പറഞ്ഞത്.

മൾട്ടിപ്ലെക്സ് ശൃംഖലകളിൽ റിലീസ് നടന്നില്ലെങ്കിലും ഉത്തരേന്ത്യയിൽ രണ്ടായിരത്തോളം സിംഗിൾ സ്ക്രീനുകളിൽ ചിത്രമിറക്കാൻ അവർക്ക് ആയി. പ്രൊമോഷൻ പോലും തീരെയില്ലാതെയാണ് അവിടെ റിലീസ് ചെയ്തതെങ്കിലും ലഭിക്കുന്ന കളക്ഷനാണ് ഇത് സംബന്ധിച്ച ചർച്ചകൾ വീണ്ടും ഉയർത്തിയിരിക്കുന്നത്.

തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം വമ്പൻ കളക്ഷൻ നേടിയ ആദ്യദിനം ഉത്തരേന്ത്യയിൽ നിന്ന് ചിത്രം നേടിയത് 5 കോടിയോളമായിരുന്നു. മൾട്ടിപ്ലെക്സുകൾ ഒഴിഞ്ഞുനിന്ന സാഹചര്യത്തിൽ ഇത് മികച്ച കളക്ഷനാണ്. തൊട്ടുപിറ്റേന്ന് റിലീസ് ചെയ്യപ്പെട്ട ബോളിവുഡ് ചിത്രത്തേക്കാൾ മികച്ച ഓപണിംഗ് ആണ് ലിയോ നേടിയത്.

ഉത്തരേന്ത്യയിൽ മികച്ച കളക്ഷൻ നേടാനുള്ള വലിയ സാഹചര്യമാണ് നിർമ്മാതാക്കൾ നഷ്ടപ്പെടുത്തിയതെന്നാണ് ബോളിവുഡ് ട്രേഡ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.

പിവിആർ ആനോക്സ്, സിനിപൊളിസ്, മിറാഷ് അടക്കമുള്ള മൾട്ടിപ്ലെക്സ് ശൃംഖലകളിൽ റിലീസ് ചെയ്യാതിരുന്നിട്ടും ചിത്രത്തിൻറെ ഹിന്ദി ലൈഫ് ടൈം 20 കോടിക്ക് മുകളിൽ സുഖമായി എത്തുമെന്നും മൾട്ടിപ്ലെക്സുകൾ കൂടി ഉൾപ്പെട്ട മികച്ച റിലീസ് ലഭിച്ചിരുന്നെങ്കിൽ ലിയോ 60 കോടി കടന്നേനെയെന്നും പ്രമുഖ അനലിസ്റ്റ് ആയ സുമിത് കദേൽ പറയുന്നു.

ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആവാനുള്ള വിജയിയുടെ വലിയ അവസരമാണ് ഇതിലൂടെ നഷ്ടമായതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/156109/leo-get-pushpa-vijay-chance-become-panindian-star-lost)