---
title: "#Lokesh | ലിയോ ട്രെയിലറിന് എതിരെ രൂക്ഷവിമർശനം; വിജയിയെ കുറ്റപ്പെടുത്തേണ്ടതില്ല, പൂർണ്ണമായും തൻറെ ഉത്തരവാദിത്വം - ലോകേഷ്"
english_title: "#Criticism #against #Leotrailer #blame #winner #responsibility #Lokesh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/152624/criticism-against-leotrailer-blame-winner-responsibility-lokesh"
published_at: "2023-10-11T10:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65262b9a9bdd7_lokesh.jpg"
keywords: []
---

# #Lokesh | ലിയോ ട്രെയിലറിന് എതിരെ രൂക്ഷവിമർശനം; വിജയിയെ കുറ്റപ്പെടുത്തേണ്ടതില്ല, പൂർണ്ണമായും തൻറെ ഉത്തരവാദിത്വം - ലോകേഷ്

> **Lead Summary:** **ചെന്നൈ: [** തമിഴ് സിനിമയിൽ ഇതുവരെ ഇറങ്ങിയ സിനിമ ട്രെയിലറുകളുടെ റെക്കോഡുകൾ എല്ലാം ഭേദിച്ചിരിക്കുകയാണ് ഒക്ടോബർ 5ന് ഇറങ്ങിയ ലിയോ ട്രെയിലർ.

## Article Content

**ചെന്നൈ: [** തമിഴ് സിനിമയിൽ ഇതുവരെ ഇറങ്ങിയ സിനിമ ട്രെയിലറുകളുടെ റെക്കോഡുകൾ എല്ലാം ഭേദിച്ചിരിക്കുകയാണ് ഒക്ടോബർ 5ന് ഇറങ്ങിയ ലിയോ ട്രെയിലർ.

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ ദിവസം ട്രെയിലർ എത്തിയപ്പോൾ വിജയ് ആരാധകർ വൻ ആവേശത്തിലായിരുന്നു. വലിയ സർപ്രൈസ് ആകും ലോകേഷ് കനകരാജ് പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഇരിക്കുന്നതെന്ന് ട്രെയിലറിൽ ഉറപ്പിച്ചു കഴിഞ്ഞു. മാസ്സും ക്ലാസും ഫൈറ്റുമായി എത്തിയ ട്രെയിലർ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ.

എന്നാൽ ട്രെയിലർ വിവാദവും സൃഷ്ടിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ വിവിധ സംഘടനകൾ ട്രെയിലറിൽ ഉപയോഗിക്കുന്ന ഒരു വാക്കിൻറെ പേരിൽ വിജയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ട്രെയിലറിന് എതിരെ രൂക്ഷവിമർശനം ചിലർ ഉയർത്തിയിരുന്നു. സ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധം വിജയ് ലിയോ ട്രെയിലറിൽ സംസാരിച്ചുവെന്ന് ഇവർ ആരോപിക്കുന്നു.

ഒപ്പം അയോ​ഗ്യനായ സംവിധായകൻ ആണ് ലോകേഷ് കനകരാജ് എന്നാണ് തമിഴ്നാട്ടിലെ അനൈത്ത് മക്കൾ അരസിയൽ കക്ഷി നേതാവ് രാജേശ്വരി പ്രിയ എക്സിൽ പോസ്റ്റ് ചെയ്തത്. ട്രെയിലർ ആരംഭിച്ച് 1.46 മിനിറ്റ് ആകുമ്പോൾ വിജയ് തൃഷയോട് സംസാരിക്കുന്നൊരു രം​ഗമുണ്ട്. ഈ സംഭാഷണമാണ് വിവാദമായത്.

അതേ സമയം ഈ സംഭാഷണത്തിൻറെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് സംവിധായകൻ ലോകേഷ് കനകരാജ് രംഗത്ത് എത്തി. ഇതിൻറെ പേരിൽ ദളപതി വിജയിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും. ഇത് പൂർണ്ണമായും തൻറെ ഉത്തരവാദിത്വമാണെന്നുമാണ് സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ഈ വാക്കാണ് ആ രംഗത്ത് എന്ന് അറിഞ്ഞപ്പോൾ അത് പറയാൻ വിജയ് മടിച്ചിരുന്നു. എന്നാൽ കഥാപാത്രത്തിൻറെ ഇമോഷൻ വ്യക്തമാക്കി അത് അദ്ദേഹത്തിനെക്കൊണ്ട് ചെയ്യിക്കുകയായിരുന്നു. ചിലപ്പോൾ കഥാപാത്രത്തിൻറെ ദേഷ്യവും മറ്റും വയലൻസിലൂടെ മാത്രമല്ല വാക്കിലൂടെയും പ്രകടിപ്പിക്കേണ്ടിവരുമെന്ന് ലോകേഷ് പറയുന്നു.

അതേ സമയം നാം തമിഴർ കക്ഷി നേതാവും സംവിധായകനുമായ സീമാൻ വിജയിയെ പിന്തുണച്ച് രംഗത്ത് എത്തി. സിനിമയുടെ ആകെ സന്ദേശം നോക്കിയാൽ മതി. അതിലെ ഒരു സംഭാഷണവും മാന്യമാകണം എന്ന് കരുതരുത് എന്നാണ് സീമാൻ പറഞ്ഞത്. ഒക്ടോബർ 19നാണ് ലിയോ റിലീസ് ആകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/152624/criticism-against-leotrailer-blame-winner-responsibility-lokesh)