കൊടുങ്കാറ്റിൽ നിന്ന് രക്ഷനേടാൻ ഗ്രീൻ ഹൗസിൽ കയറ്റി നിർത്തിയതിന് പിന്നാലെ അപ്രതീക്ഷിത സ്വഭാവവുമായി ആട്ടിൻ പറ്റം. ഗ്രീസിലാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. സെപ്തംബർ ആദ്യവാരം ഗ്രീസിനെ വലച്ച ഡാനിയേൽ കൊടുങ്കാറ്റിൽ നിന്ന് രക്ഷ തേടാനാണ് ആട്ടിൻ പറ്റത്തെ ഇടയൻ സമീപത്തുണ്ടായിരുന്ന ഒരു ഗ്രീൻ ഹൗസിൽ കയറ്റി നിർത്തിയത്.
മധ്യ ഗ്രീസിലെ അൽമിറോസ് എന്ന നഗരത്തിലാണ് സംഭവം. മരുന്നിനായി കഞ്ചാവ് വളർത്തിയിരുന്ന ഗ്രീൻ ഹൗസിലായിരുന്നു ഇടയൻ ആട്ടിൻപറ്റത്തെ കെട്ടിയത്. വിശന്നുവലഞ്ഞ ആടുകൾ കഞ്ചാവ് ചെടികൾ അകത്താക്കുകയായിരുന്നു. സാധാരണ നിലയിലായിരുന്ന ആടുകൾ ചാടി മറിയാനും പതിവ് രീതികളിൽ നിന്ന് മാറി പെരുമാറാനും തുടങ്ങിയതോടെ ഭയന്നുപോയ ഇടയൻ ഫാമിന്റെ ഉടമയെ വിവരം അറിയിക്കുകയായിരുന്നു.
സാധാരണ ചാടി നടക്കുന്നതിനേക്കാൾ ഉയരത്തിലേക്ക് ചാടി മറിയുന്ന നിലയിലായിരുന്നു ആട്ടിൻ പറ്റമുണ്ടായിരുന്നതെന്നാണ് ഫാമിന്റെ ഉടമ യാനിസ് ബറുനോയിസ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. നൂറ് കിലോയോളം കഞ്ചാവും ഇലകളുമാണ് ആട്ടിൻ പറ്റം തിന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ വിശദമാക്കുന്നത്.
മരുന്ന് ആവശ്യത്തിനായി കഞ്ചാവ് വളർത്തുന്നത് നിയമ വിധേയമാക്കിയ യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഗ്രീസ്. 2018ലാണ് ഗ്രീസ് ഇതിനായുള്ള ലൈസൻസ് വിതരണം ചെയ്തത്. 2017ൽ കഞ്ചാവ് അടങ്ങിയിട്ടുള്ള ചില മരുന്നിനങ്ങളുടെ കയറ്റുമതിയും ഗ്രീസ് നിയമ വിധേയമാക്കിയിരുന്നു.
#herd #goats #protect #storm #ganjafarm #goats