---
title: "#Udayanidhi |'തന്റെ അവസാന സിനിമയാകും 'മാമന്നൻ'; ഉദയനിധിയുടെ സിനിമാ ജീവിതത്തിന് അവസാനം.... "
english_title: "#End of #Udayanidhi's #filmcareer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/126432/end-of-udayanidhis-filmcareer"
published_at: "2023-07-01T14:29:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649febf8072ef_udhayanidhi.jpg"
keywords: []
---

# #Udayanidhi |'തന്റെ അവസാന സിനിമയാകും 'മാമന്നൻ'; ഉദയനിധിയുടെ സിനിമാ ജീവിതത്തിന് അവസാനം.... 

> **Lead Summary:** **ത**മിഴ് സിനിമാ ലോകം ഈ വർഷം പ്രതീക്ഷവെച്ച സിനിമകളിൽ ഒന്നായിരുന്നു മാരി സെൽവരാജിന്റെ 'മാമന്നൻ'. ഉദയനിധി സ്റ്റാലിൻ നായകനും നിർമ്മാതാവുമായി എത്തിയ ചിത്രം തിയേറ്ററുകളിൽ എത്തി മൂന്നാം ദിവസവും മികച്ച കളക്ഷനും പ്രേക്ഷക പ്രശംസയും നേടി മുന്നേറുകയാണ്.

## Article Content

**ത**മിഴ് സിനിമാ ലോകം ഈ വർഷം പ്രതീക്ഷവെച്ച സിനിമകളിൽ ഒന്നായിരുന്നു മാരി സെൽവരാജിന്റെ 'മാമന്നൻ'. ഉദയനിധി സ്റ്റാലിൻ നായകനും നിർമ്മാതാവുമായി എത്തിയ ചിത്രം തിയേറ്ററുകളിൽ എത്തി മൂന്നാം ദിവസവും മികച്ച കളക്ഷനും പ്രേക്ഷക പ്രശംസയും നേടി മുന്നേറുകയാണ്.

തമിഴ്‌നാട് യുവജനക്ഷേമ കായിക വികസന മന്ത്രിയായ ഉദയനിധി, തന്റെ അവസാന സിനിമയാകും മാമന്നൻ എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. തമിഴ്‌നാട്ടിലെ നാലാമത്തെ മികച്ച ഓപ്പണിംഗും ഉദയനിധിയുടെ കരിയറിലെ തന്നെ മികച്ച ഓപ്പണിംഗുമാണ് സിനിമ നേടിയത്. പതിനൊന്ന് വർഷത്തെ ഉദയനിധി സ്റ്റാലിന്റെ സിനിമാ ജീവിതമാണ് അവസാനിക്കുന്നത് .

2012ൽ പുറത്തിറങ്ങിയ 'ഒരു കാൽ ഒരു കണ്ണാടി'യാണ് അരങ്ങേറ്റ ചിത്രം. എം രാജേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, ഹൻസിക മൊട്‍വാനി, സന്താനം എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ആ വർഷത്തെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു ചിത്രം. 11 വർഷത്തെ സിനിമാ ജീവിതത്തിൽ, 15 സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ എല്ലാ സിനിമകളും സാമ്പത്തിക വിജയങ്ങളായിരുന്നു.

അഭിനയത്തിന് പുറമെ ഒരുപിടി മികച്ച സിനിമകളെ സ്ക്രീനിലെത്തിച്ച നിർമ്മാതാവുമാണ് അദ്ദേഹം. ഉദയനിധിയുടെ ഉടമസ്ഥതയിലുള്ള 'റെഡ് ജൈന്റ് മൂവീസ്' തമിഴിൽ ചെറുതും വലുതുമായ അനേകം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ അഭിനേതാക്കളിൽ നിന്ന് ഉപദേശം സ്വീകരിച്ചാണ് സിനിമകൾ ഒരുക്കിയിരുന്നതെന്നും പിന്നീട്, കലയുടെ സാമൂഹിക ധർമ്മം തിരിച്ചറിഞ്ഞ് സിനിമകൾ നിർമ്മിക്കാൻ തുടങ്ങിയെന്നും ഉദയനിധി സ്റ്റാലിൻ നേരത്തെ പറഞ്ഞിരുന്നു.

വാണിജ്യ വിജയങ്ങളായ സിനിമകൾക്ക് പുറമെ സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങളുടെയും ഭാഗമായിരുന്നു ഉദയനിധി. 'നെഞ്ചുക്കു നീതി', 'കലഗ തലൈവൻ' എന്നിവ ചില ഉദാഹരണങ്ങളാണ്. മാരിയുടെ മുൻ ചിത്രങ്ങളെപോലെ തന്നെ ശക്തമായ രാഷ്ട്രീയം സംസാരിക്കുകയാണ് മാമന്നനും. അവസാന ചിത്രം എന്ന നിലയിൽ മികച്ച തെരഞ്ഞെടുപ്പാണ് ഉദയനിധി നടത്തിയതെന്നാണ് ആരാധകരുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/126432/end-of-udayanidhis-filmcareer)