---
title: "വിദ്യാര്‍ത്ഥിനിക്ക് വിജയ് സമ്മാനിച്ചത് 10 ലക്ഷത്തിന്റെ വജ്ര നെക്ലേസ്"
english_title: "A Vajra necklace was awarded by Vijay to a girl student who secured full marks in her higher secondary examination."
publisher: "moviemax.in"
canonical_url: "https://moviemax.in/news/123748/a-vajra-necklace-was-awarded-by-vijay-to-a-girl-student-who-secured-full-marks-in-her-higher-secondary-examination"
published_at: "2023-06-20T15:08:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64917499c75c5_vijay.jpg"
keywords: []
---

# വിദ്യാര്‍ത്ഥിനിക്ക് വിജയ് സമ്മാനിച്ചത് 10 ലക്ഷത്തിന്റെ വജ്ര നെക്ലേസ്

> **Lead Summary:** ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ത്ഥിനിക്ക് വിജയ് സമ്മാനിച്ചത് വജ്ര നെക്ലേസ്. 600 ല്‍ 600 മാര്‍ക്കും നേടിയ ദിണ്ടിഗല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളായ അണ്ണാമലയാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി എസ്. നന്ദിനിക്കാണ് വിജയ് വജ്ര നെക്ലേസും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചത്.

## Article Content

ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ത്ഥിനിക്ക് വിജയ് സമ്മാനിച്ചത് വജ്ര നെക്ലേസ്. 600 ല്‍ 600 മാര്‍ക്കും നേടിയ ദിണ്ടിഗല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളായ അണ്ണാമലയാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി എസ്. നന്ദിനിക്കാണ് വിജയ് വജ്ര നെക്ലേസും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചത്.

മാലയ്ക്ക് ഏകദേശം 10 ലക്ഷം രൂപയോളം വിലവരുമെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ് ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും നൂറില്‍ നൂറ് മാര്‍ക്ക് നേടി നന്ദിനി സംസ്ഥാന തലത്തില്‍ ഒന്നാമതെത്തിയിരുന്നു. നന്ദിനിയെയും മാതാപിതാക്കളെയും ഒരുമിച്ച് വേദിയിലേക്ക് വിളിച്ചാണ് വിജയ് പെണ്‍കുട്ടിയെ അനുമോദിച്ചത്.

നിര്‍ധന കുടുംബത്തിലെ അംഗമായ നന്ദിനിയുടെ അച്ഛന്‍ ശരവണകുമാര്‍ മരപ്പണിക്കാരനും അമ്മ ഭാനുപ്രിയ വീട്ടമ്മയുമാണ്. പെണ്‍കുട്ടിയെയും മാതാപിതാക്കളെയും വേദിയിലേക്ക് ക്ഷണിച്ച വിജയ് നെക്ലെസ് അമ്മ ഭാനുപ്രിയയ്ക്ക് കൈമാറി. അമ്മയാണ് മകളുടെ കഴുത്തില്‍ മാല അണിയിച്ചത്.

ശേഷം വിജയ് നന്ദിനിയോടും കുടുംബത്തോടും കുശലം പറയുകയും ചെയ്തു. ജൂണ്‍ 17ന് ആയിരുന്നു തമിഴ്നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലെ ഹയര്‍സെക്കന്‍ഡറി, എസ്എസ്എല്‍സി ഗ്രേഡുകളിലെ മികച്ച 3 റാങ്കുകാരെ കണ്ടെത്തി ആദരിക്കുന്ന ചടങ്ങില്‍ വിജയ് പങ്കെടുത്തത്. 1500 ഓളം വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും അടങ്ങുന്ന ചടങ്ങ് ചെന്നൈ നീലങ്കരൈ ആര്‍കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് നടന്നത്.

രാവിലെ എട്ട് മുപ്പതിന് തുടങ്ങിയ പരിപാടിയില്‍ പതിമൂന്ന് മണിക്കൂര്‍ വിജയ് സ്റ്റേജില്‍ തന്നെ തുടര്‍ച്ചായായി നില്‍ക്കുകയായിരുന്നു. ഈ ചടങ്ങിനായി വിജയ് രണ്ട് കോടി രൂപ ചിലവഴിച്ചിട്ടുണ്ടാകുമെന്നാണ് സൂചന. 40 ലക്ഷം രൂപയാണ് ഹാള്‍ വാടക മാത്രം. ഇതിനിടെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/123748/a-vajra-necklace-was-awarded-by-vijay-to-a-girl-student-who-secured-full-marks-in-her-higher-secondary-examination)