---
title: "നടി ഇലിയാനയ്ക്ക് തമിഴ്നാട്ടില്‍ വിലക്ക് ; തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിൽ"
english_title: "Actress Ileana banned in Tamil Nadu; In Tamil Film Producers Council"
publisher: "moviemax.in"
canonical_url: "https://moviemax.in/news/102467/actress-ileana-banned-in-tamil-nadu-in-tamil-film-producers-council"
published_at: "2023-03-11T11:02:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c22c500d56_ileana.jpg"
keywords: []
---

# നടി ഇലിയാനയ്ക്ക് തമിഴ്നാട്ടില്‍ വിലക്ക് ; തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിൽ

> **Lead Summary:** **മുംബൈ: **നടി ഇലിയാനയ്ക്ക് തമിഴ് സിനിമ ലോകത്ത് വിലക്ക് എന്ന വാര്‍ത്ത അതിവേഗമാണ് വ്യാപിച്ചത്. റിപ്പോർട്ടുകൾ പ്രകാരം വന്‍ തുക അഡ്വാന്‍സ് വാങ്ങിയിട്ടും ചിത്രത്തില്‍ അഭിനയിക്കാതെ നിർമ്മാതാവിന് വലിയ നഷ്ടമുണ്ടാക്കിയതിനെ തുടർന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിൽ (ടിഎഫ്‌പിസി) വിലക്ക് ഏര്‍പ്പെടുത്തി എന്നായിരുന്നു പരന്ന വാര്‍ത്ത.

## Article Content

**മുംബൈ: **നടി ഇലിയാനയ്ക്ക് തമിഴ് സിനിമ ലോകത്ത് വിലക്ക് എന്ന വാര്‍ത്ത അതിവേഗമാണ് വ്യാപിച്ചത്. റിപ്പോർട്ടുകൾ പ്രകാരം വന്‍ തുക അഡ്വാന്‍സ് വാങ്ങിയിട്ടും ചിത്രത്തില്‍ അഭിനയിക്കാതെ നിർമ്മാതാവിന് വലിയ നഷ്ടമുണ്ടാക്കിയതിനെ തുടർന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിൽ (ടിഎഫ്‌പിസി) വിലക്ക് ഏര്‍പ്പെടുത്തി എന്നായിരുന്നു പരന്ന വാര്‍ത്ത.

എന്നാല്‍ ഈ വാര്‍ത്ത നിഷേധിക്കുകയാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസില്‍. ഇലിയാനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന റിപ്പോർട്ടുകൾ തീർത്തും തെറ്റാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നു. അങ്ങനെയൊരു നിരോധനം തങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് ടിഎഫ്പിസി പറഞ്ഞു.

ഇത്തരം കിംവദന്തികൾ എങ്ങനെ ഉണ്ടായി എന്നത് അറിയില്ലെന്നും ഇവര്‍ പറയുന്നു. വളരെക്കാലമായി ഇലിയാന തമിഴിലോ തെലുങ്കിലോ സിനിമയില്‍ അഭിനയിച്ചിട്ടില്ല എന്നതാണ് ഇത്തരം ഒരു അഭ്യൂഹത്തിന് പിന്നില്‍ എന്നാണ് വിവരം. ഇത് നടി ബോധപൂര്‍വ്വം അഭിനയിക്കാത്തത് അല്ലെന്നും വിലക്കാണ് കാരണമാണെന്നുമാണ് ചില ആരാധകര്‍ ചൂണ്ടിക്കാണിച്ചത്.

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ടോളിവുഡിലെ മുൻനിര താരമായിരുന്നു ഇലിയാന, അതിനുശേഷം ദക്ഷിണേന്ത്യൻ സിനിമകളിലേക്ക് താരം തിരിച്ചുവന്നിട്ടില്ല.ഇലിയാനയുടെ അവസാന തമിഴ്, തെലുങ്ക് ചിത്രങ്ങൾ ഒരു പതിറ്റാണ്ട് മുമ്പായിരുന്നു. 2018 ൽ രവി തേജയുടെ അമർ അക്ബർ അന്തോണിയിൽ അവർ ഒരു വേഷം ചെയ്തിരുന്നു.

2012ൽ ദളപതി വിജയ്ക്കൊപ്പം നൻബനായിരുന്നു ഇലിയാനയുടെ അവസാന തമിഴ് ചിത്രം. ഇതാദ്യമായല്ല ഇലിയാനയെ കോളിവുഡിൽ വിലക്കുന്നുവെന്ന വാർത്തകൾ വരുന്നത്. 2021-ലും ഇതേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിവാഹത്തിന് ശേഷം വിദേശത്ത് താമസിക്കുകയാണ് ഇലിയാന എന്നാണ് വിവരം. അതിനാല്‍ തന്നെ താരം ഇപ്പോള്‍ ബോളിവുഡിലും സജീവമല്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/102467/actress-ileana-banned-in-tamil-nadu-in-tamil-film-producers-council)