---
title: "ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാര ദീപങ്ങള്‍  പൊട്ടിവീണു; എ.ആര്‍ റഹ്‌മാന്റെ മകന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി "
english_title: "The decorative lamps hanging from the cranes were broken; AR Rahman's son survived miraculously"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101533/the-decorative-lamps-hanging-from-the-cranes-were-broken-ar-rahmans-son-survived-miraculously"
published_at: "2023-03-06T12:22:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64058dc07ac80_ar_rahman.jpg"
keywords: []
---

# ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാര ദീപങ്ങള്‍  പൊട്ടിവീണു; എ.ആര്‍ റഹ്‌മാന്റെ മകന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി 

> **Lead Summary:** ഗാനചിത്രീകരണത്തിനിടെ വേദിയിലേക്ക് കൂറ്റന്‍ അലങ്കാര ദീപം പൊട്ടിവീണുണ്ടായ അപകടത്തില്‍ നിന്ന് ഗായകന്‍ എ ആര്‍ അമീന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്റെ മകനാണ് എ.ആര്‍. അമീന്‍. അമീന്‍ ഗാനമാലപിക്കുന്നതിനിടെ കൂറ്റന്‍ അലങ്കാരദീപം വേദിയിലേക്ക് പൊട്ടിവീഴുകയായിരുന്നു.

## Article Content

ഗാനചിത്രീകരണത്തിനിടെ വേദിയിലേക്ക് കൂറ്റന്‍ അലങ്കാര ദീപം പൊട്ടിവീണുണ്ടായ അപകടത്തില്‍ നിന്ന് ഗായകന്‍ എ ആര്‍ അമീന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്റെ മകനാണ് എ.ആര്‍. അമീന്‍. അമീന്‍ ഗാനമാലപിക്കുന്നതിനിടെ കൂറ്റന്‍ അലങ്കാരദീപം വേദിയിലേക്ക് പൊട്ടിവീഴുകയായിരുന്നു.

അപകടത്തില്‍ നിന്ന് രക്ഷിച്ചതിന് താന്‍ ദൈവത്തിനോട് നന്ദി പറയുന്നുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ അമീന്‍ പറഞ്ഞു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് സെറ്റിലുണ്ടായിരുന്നവരെ ഞെട്ടിച്ചുകൊണ്ട് ഈ അപകടം നടന്നത്.

ഇന്ന് ജീവനോടെയിരിക്കാന്‍ കാരണമായ സര്‍വശക്തന്‍, അച്ചനമ്മമാര്‍, കുടുംബാംഗങ്ങള്‍, അഭ്യുദയകാംക്ഷികള്‍, ആത്മീയ ഗുരു എന്നിവരോട് നന്ദിയറിയിക്കുന്നു എന്ന് അമീന്‍ പറയുന്നു.

ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാര ദീപങ്ങള്‍ ഒന്നടങ്കം വേദിയിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. ഈ സമയം വേദിയുടെ നടുക്കായിരുന്നു അമിന്‍ ഉണ്ടായിരുന്നത്. ഇഞ്ചുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നുവെങ്കില്‍ സെക്കന്‍ഡുകള്‍ ഒരല്പം നേരത്തെയാവുകയോ വൈകുകയോ ചെയ്തിരുന്നുവെങ്കില്‍ മുഴുവന്‍ സാധനങ്ങളും ഞങ്ങളുടെ തലയില്‍ വീഴുമായിരുന്നു. അമീന്‍ കുറിച്ചു.

മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന ചിത്രത്തിലൂടെയാണ് അമീന്‍ പിന്നണി ഗാനരംഗത്തേക്ക് വന്നത്. നിര്‍മ്മല കോണ്‍വെന്റ്, സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്, 2.0, ദില്‍ ബേച്ചാര, ഗലാട്ട കല്യാണം എന്നീ ചിത്രങ്ങളും അമീന്‍ പാടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/101533/the-decorative-lamps-hanging-from-the-cranes-were-broken-ar-rahmans-son-survived-miraculously)