നിവിന്‍ പോളിയുടെ (Nivin Pauly) ഫിലിമോഗ്രഫിയിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു 2016ല്‍ പുറത്തെത്തിയ ആക്ഷന്‍ ഹീറോ ബിജു. പൊലീസ് സ്റ്റേഷനെ റിയലിസ്റ്റിക് രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച ചിത്രം ബോക്സ് ഓഫീസിലും വിജയം നേടിയിരുന്നു. എസ് ഐ ബിജു പൗലോസ് എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി ചിത്രത്തില്‍ അവതരിപ്പിച്ചത്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത് എബ്രിഡ് ഷൈനും മുഹമ്മദ് ഷഫീഖും ചേര്‍ന്ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആരാധകരെ സംബന്ധിച്ച് ആവേശകരമായ ഒരു വാര്‍ത്ത പുറത്തെത്തിയിരിക്കുകയാണ്. ആക്ഷന്‍ ഹീറോ ബിജുവിന് ഒരു രണ്ടാം ഭാഗം ഉണ്ടാവും (Action Hero Biju 2) എന്നതാണ് അത്.
നിവിന്‍ പോളിയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്ചേഴ്സ് ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ ചിത്രത്തെക്കുറിച്ചുള്ള വിവരവും ഉള്ളത്. പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ എബ്രിഡ് ഷൈന്‍ തന്നെ സംവിധാനം ചെയ്‍ത് നിവിന്‍ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഹാവീര്യരുടെ റിലീസ് സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പില്‍ ഈ ബാനറിന്‍റെ വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ കൂട്ടത്തിലാണ് ആക്ഷന്‍ ഹീറോ ബിജു 2ഉും ഇടംപിടിച്ചിരിക്കുന്നത്. താരം, ശേഖരവര്‍മ്മ രാജാവ്, ഡിയര്‍ സ്റ്റുഡന്‍റ്സ് എന്നിവയാണ് പോളി ജൂനിയറിന്‍റെ മറ്റ് അപ്കമിംഗ് പ്രോജക്റ്റുകള്‍.
അതേസമയം എബ്രിഡ് ഷൈന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് മഹാവീര്യർ. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്‍റസിയുമൊക്കെ കടന്നുവരുന്നുണ്ട്. നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്.
Action Hero Biju 2; 'SI Biju Paulose' to return