---
title: "മോഹന്‍ലാല്‍ അവതാരക സ്ഥാനത്ത് നിന്ന് മാറണം; മോഹന്‍ലാലിന് എതിരെ റോബിന്‍ ആര്‍മി, സൈബർ ആക്രമണം"
english_title: "Mohanlal should step down as presenter; Robin Army and cyber attack on Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47425/mohanlal-should-step-down-as-presenter-robin-army-and-cyber-attack-on-mohanlal"
published_at: "2022-06-06T11:35:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d99749622f_mohanlal.jpg"
keywords: []
---

# മോഹന്‍ലാല്‍ അവതാരക സ്ഥാനത്ത് നിന്ന് മാറണം; മോഹന്‍ലാലിന് എതിരെ റോബിന്‍ ആര്‍മി, സൈബർ ആക്രമണം

> **Lead Summary:** ബിഗ് ബോസ് സീസണ്‍ 4ലെ മത്സരാര്‍ത്ഥി ഡോ റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയ സംഭവത്തില്‍ അവതാരകനായ മോഹന്‍ലാലിന് എതിരെ കടുത്ത സൈബര്‍ ആക്രമണം. സഹ മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരിക ഉപദ്രവം ചെയ്തതിനെ തുടര്‍ന്നാണ് റോബിനെ ബിഗ് ബോസില്‍ പുറത്താക്കിയത്.

## Article Content

ബിഗ് ബോസ് സീസണ്‍ 4ലെ മത്സരാര്‍ത്ഥി ഡോ റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയ സംഭവത്തില്‍ അവതാരകനായ മോഹന്‍ലാലിന് എതിരെ കടുത്ത സൈബര്‍ ആക്രമണം. സഹ മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരിക ഉപദ്രവം ചെയ്തതിനെ തുടര്‍ന്നാണ് റോബിനെ ബിഗ് ബോസില്‍ പുറത്താക്കിയത്.

എന്നാല്‍ ഇതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നും മോഹന്‍ലാല്‍ അവതാരക സ്ഥാനത്ത് നിന്ന് മാറണമെന്നും റോബിനെ തിരിച്ചെടുക്കാത്ത പക്ഷം ഇനി മോഹന്‍ലാലിന്റെ സിനിമകള്‍ കാണില്ലെന്നുമാണ് റോബിന്‍ ആര്‍മിയുടെ ഭീഷണി.

എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ ഈ സൈബര്‍ ആക്രമണത്തെ എതിര്‍ത്ത് രംഗത്ത് എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ ഈ ആക്രമണം യാതൊരു തരത്തിലും ബാധിക്കുകയില്ല എന്ന് ആരാധകര്‍ പറയുന്നു.

ബിഗ് ബോസില്‍ ഷോയുടെ ഭാഗമായുണ്ടായ ടാസ്‌കിനിടെയില്‍ റോബിന്‍ മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. തുടര്‍ന്ന് റോബിനെ സീക്രട്ട് മുറിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മത്സരത്തില്‍ തിരിച്ചു പങ്കെടുപ്പിക്കാന്‍ ബിഗ് ബോസ് തീരുമാനിച്ചതോടെയാണ് രംഗം വഷളായത്.

റോബിന്റെ മടങ്ങി വരവില്‍ പ്രതിഷേധിച്ച് മറ്റൊരു മത്സരാര്‍ത്ഥിയായ ജാസ്മിന്‍ മൂസ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോവുകയായിരുന്നു. പിന്നാലെ റോബിനെ പരിപാടിയില്‍ നിന്നും പുറത്താക്കി.

കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് രണ്ടാം സീസണില്‍ രജിത് കുമാറിനെ പുറത്താക്കിയപ്പോഴും മോഹന്‍ലാലിന് എതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. സഹമത്സരാര്‍ത്ഥിയെ ആക്രമിച്ചതിനെ തുടര്‍ന്ന് തന്നെയായിരുന്നു രജിത് കുമാറും പുറത്താക്കപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/47425/mohanlal-should-step-down-as-presenter-robin-army-and-cyber-attack-on-mohanlal)