#Latest News #Financial Fraud #Fake Loan #Thiruvananthapuram News #Police Case
തിരുവനന്തപുരം: ( www.truevisionnews.com ) ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിനെ വഞ്ചിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ സ്വകാര്യ ഷോറും നടത്തിപ്പുകാരി അറസ്റ്റിൽ. നെയ്യാറ്റിൻകരയിലെ ഇലക്ട്രിക് വാഹന ഷോറും നടത്തിപ്പുകാരിയും പള്ളിച്ചൽ സ്വദേശിയുമായ സുമകുമാരി (44)യെയാണ് നെയ്യാറ്റിൻകര പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
മുഴുവൻ തുകയും നൽകി വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിന്റെ പേരിലാണ് പ്രതി വ്യാജ വായ്പ സംഘടിപ്പിച്ചത്. ആർസി ബുക്കിന് അപേക്ഷിക്കുന്നതിനുള്ള ഫോമാണെന്ന് പറഞ്ഞ് ഉപഭോക്താവിനെക്കൊണ്ട് വായ്പാ രേഖകളിൽ ഒപ്പിടുവിക്കുകയായിരുന്നു.
ഇതുവഴി ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഇഎംഐ അടിസ്ഥാനത്തിൽ വായ്പ എടുക്കുകയായിരുന്നു സുമകുമാരി.തട്ടിപ്പ് പുറത്തറിയാതിരിക്കാൻ പ്രതി അതീവ സൂക്ഷ്മതയോടെയാണ് കരുക്കൾ നീക്കിയത്. വാഹനത്തിന്റെ ആർസി ബുക്കിൽ ധനകാര്യ സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയ ഭാഗം തിരുത്തി.
ഉടമയുടെ ഫോൺ നമ്പറിന് പകരം സ്വന്തം നമ്പറാണ് രേഖപ്പെടുത്തിയത്. ഇഎംഐ തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി പിടിക്കുമ്പോൾ സംശയം തോന്നാതിരിക്കാൻ, അത്രയും തുക പ്രതി സ്വന്തം നിലയിൽ ഉടമയുടെ അക്കൗണ്ടിലേക്ക് തിരിച്ചിടുകയും ചെയ്തു.
ഇതുവഴി വർഷങ്ങളോളം തട്ടിപ്പ് പുറത്തറിയാതെ പോയി.എന്നാൽ ഇടയ്ക്ക് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ അസ്വാഭാവിക ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ ഉടമ ഉടൻ തന്നെ പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
അറസ്റ്റിന് ശേഷം പ്രതി തട്ടിപ്പ് വഴി കൈക്കലാക്കിയ മുഴുവൻ തുകയും തിരികെ നൽകി. പിന്നീടാണ് കോടതി ജാമ്യം അനുവദിച്ചത്. സമാനമായ രീതിയിൽ നിരവധി പേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കൂടുതൽ പരാതികൾ ലഭിച്ചാൽ പ്രതിക്കെതിരെ കൂട്ടിച്ചേർക്കൽ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.വാഹനം വാങ്ങുമ്പോൾ രേഖകൾ സൂക്ഷ്മമായി പരിശോധിക്കണമെന്നും ഏതെങ്കിലും ഫോമിൽ ഒപ്പിടുന്നതിന് മുൻപ് അത് എന്തിനാണെന്ന് ഉറപ്പാക്കണമെന്നും പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Content Highlight: Thiruvananthapuram EV Showroom Owner Arrested for Fake Loan Fraud
#Latest News #Financial Fraud #Fake Loan #Thiruvananthapuram News #Police Case

































