2026-07-19T22:13:00

#Binoy Viswam #CPI #Pothichoru Controversy #K Muraleedharan #Kerala Health Minister #DYFI

കൊച്ചി: പൊതിച്ചോറ് വിവാദത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രൂക്ഷ വിമർശനവുമായി രംഗത്തെത്തി.ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും നടക്കുന്ന പൊതിച്ചോറ് വിതരണം നിരോധിക്കാനുള്ള സർക്കാർ നീക്കത്തെ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തള്ളിപ്പറഞ്ഞത്.

"യുവജന സംഘടനാ പ്രവർത്തനത്തിന്റെയും ജനങ്ങൾക്കിടയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെയും അനുഭവമുള്ള ഒരു പൊതുപ്രവർത്തകനും ഈ സന്നദ്ധ പ്രവർത്തനത്തെ തള്ളിപ്പറയാനാകില്ല" എന്ന് ബിനോയ് വിശ്വം പറഞ്ഞു.വിശപ്പിന് എന്ത് രാഷ്ട്രീയമാണെന്നും അദ്ദേഹം ചോദിച്ചു.

ചികിത്സയ്ക്കും കൂട്ടിരിപ്പിനുമായി ആശുപത്രികളിലെത്തുന്ന രോഗികളുടെയും ബന്ധുക്കളുടെയും വിശപ്പിന് പരിഹാരം കാണാൻ സർക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോയെന്നും ബിനോയ് വിശ്വം ചോദ്യം ഉന്നയിച്ചു.അന്നം കൊടുക്കാത്തവർക്ക് അന്നം മുടക്കാനുള്ള അവകാശമില്ലെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

ബിനോയ് വിശ്വത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

'ആശുപത്രികളില്‍ സംഘടനകള്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന ആരോഗ്യ മന്ത്രി ശ്രീ.കെ.മുരളീധരന്റെ പ്രസ്താവന കാണുകയുണ്ടായി. അത് യു ഡി എഫ് സര്‍ക്കാരിന്റെ നയം ആണത്രെ. വിശക്കുന്നവന് ആഹാരം കൊടുക്കുന്നവരെ തടയുന്നത് ഒരു നയമായി സ്വീകരിക്കുന്ന സര്‍ക്കാരോ.

കേരളത്തിന്റെ ചരിത്രത്തില്‍ അന്നം മുടക്കുന്നത് ഒരു നയമായി സ്വീകരിച്ച മറ്റൊരു സര്‍ക്കാരിനെയും കണ്ടിട്ടില്ല. നമ്മുടെ നാട്ടില്‍ വിശക്കുന്നവന് അന്നം നല്‍കുന്നത് ഒരു ദൗത്യമായി ഏറ്റെടുത്ത നിരവധി പ്രസ്ഥാനങ്ങളുണ്ട്. അവരില്‍ പലരും ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഈ ഇടപെല്‍ സാധാരണക്കാരായ ലക്ഷകണക്കിന് മനുഷ്യര്‍ക്ക് ആശ്വാസം പകരുന്നുമുണ്ട്.

ഡി വൈ എഫ് ഐ, എ ഐ വൈ എഫ്, കെ എം സി സി, തുടങ്ങിയ സംഘടനകളെല്ലാം മാതൃകാപരമായ ഈ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നുണ്ട്. പൊതിച്ചോര്‍ വാങ്ങാനെത്തുന്നവരോ, അത് തയ്യാറാക്കി നല്‍കുന്ന കുടുംബങ്ങളോ ഇക്കാര്യത്തില്‍ ഒരു നിലയിലുമുള്ള രാഷ്ട്രീയം കാണുന്നില്ല.

സേവനതത്പരരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ സാമൂഹിക പ്രതിബദ്ധ കൂടി പ്രതിഫലിപ്പിക്കുന്നതാണ് ഈ പൊതിച്ചോര്‍ വിതരണം. മഴയത്തും, വെയിലത്തും, ആഘോഷ ദിനങ്ങളിലുമെല്ലാം സ്വന്തം കാര്യങ്ങള്‍ മാറ്റി വച്ച് വീടുകയറി ഇറങ്ങി ഭക്ഷണ പൊതികള്‍ ശേഖരിച്ച് ആശുപത്രികള്‍ക്ക് മുന്നിലെത്തിച്ച്, കാത്തു നില്‍ക്കുന്നവര്‍ക്ക് സ്‌നേഹപൂര്‍വം വിതരണം ചെയ്യുക എന്നത് ശ്രമകരമായ ഒരു പ്രവര്‍ത്തനമാണ്.

യുവജന സംഘടനാ പ്രവര്‍ത്തനത്തിന്റെ, ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന്റെ അനുഭവമുള്ള ഒരു പൊതു പ്രവര്‍ത്തകനും ഈ സന്നദ്ധ പ്രവര്‍ത്തനത്തെ തള്ളിപ്പറയാനാകില്ല. അല്ലെങ്കിലും വിശപ്പിന് എന്ത് രാഷ്ട്രീയം….. ആശുപത്രികളില്‍ രോഗികളായും കൂട്ടിരുപ്പ് കാരായും എത്തുന്ന മനുഷ്യരുടെ വിശപ്പിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോ…. അതിനെക്കുറിച്ച് ആലോചിക്കും എന്നാണ് മന്ത്രി പറയുന്നത്.

ആലോചനപോലും തുടങ്ങും മുന്‍പ് നിലവിലുള്ളതിനെ ഇല്ലാതാക്കാന്‍ ഇങ്ങനെ വ്യഗ്രത കാണിക്കുന്നത് എന്തിനാണ്. ആഹാരത്തിന് രാഷ്ട്രീയമില്ല ബഹുമാനപ്പെട്ട മന്ത്രീ…….. അന്നം കൊടുക്കാത്തവന് അന്നം മുടക്കാന്‍ അവകാശവുമില്ല'

Content Highlight: Binoy Viswam Criticizes Health Minister Over Pothichoru Ban Controversy

#Binoy Viswam #CPI #Pothichoru Controversy #K Muraleedharan #Kerala Health Minister #DYFI

Next TV

Top Stories










News Roundup






GCC News