#Kozhikode Crime #Palayam Murder #Kozhikode Police #Drug Mafia Kerala #AP Shaukathali
കോഴിക്കോട് : ( https://truevisionnews.com/) കോഴിക്കോട് പാളയത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും എന്നാൽ ഏത് തരം ആയുധമാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ലെന്നും സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി അറിയിച്ചു.
മരിച്ച കോഴിക്കോട് പാളയം സ്വദേശി ബിജുവിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ലഹരി മാഫിയയുടെ പങ്കിനെക്കുറിച്ച് കുടുംബം പ്രകടിപ്പിച്ച സംശയങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. നഗരമധ്യത്തിൽ നടന്ന കൊലപാതകമാണ്.
ലഹരി അടക്കം പല പ്രശ്നങ്ങളും പ്രദേശത്തുണ്ട്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. പാളയം സ്വദേശിയായ ബിജുവിന്റെ മൃതദേഹം ചോരയിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തിന് പിന്നിൽ ലഹരി മാഫിയയെന്ന് സംശയിക്കുന്നതായി മാതാവ് ബേബി പറഞ്ഞിരുന്നു.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് വീടിനോട് ചേർന്നുള്ള മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മാതാവാണ് ആദ്യം സംഭവം കണ്ടത്. തല പൊട്ടി ചോര വാർന്നിരുന്നു. രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ചശേഷം പോയതായിരുന്നു. പുലർച്ചെ ഏറെ നേരം ബിജുവിനെ വിളിച്ചിട്ടും വിളി കേൾക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് മാതാവ് പറഞ്ഞു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Content Highlight: Kozhikode Murder: Youth Found Dead in Palayam, Police Suspect Drug Mafia Angle
#Kozhikode Crime #Palayam Murder #Kozhikode Police #Drug Mafia Kerala #AP Shaukathali
































