#P Rajeev #VD Satheesan #Tata Investment #Kerala Shipyard #Cochin Port #CPM #Mission Samudra
കൊച്ചി: ( www.truevisionnews.com ) കേരളത്തിൽ കപ്പൽ നിർമാണശാലയിൽ ടാറ്റയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ പരിഹസിച്ചും വിമർശിച്ചും മുൻ വ്യവസായ മന്ത്രി പി.രാജീവ്.
"ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി ഒരു മുഖ്യമന്ത്രിക്കുണ്ടാകണം. ഫിക്ഷൻ വായിക്കുന്ന ആളായതുകൊണ്ട് ഭാവനയിൽ കാണുന്ന കാര്യം യാഥാർഥ്യമായി അവതരിപ്പിക്കുകയാണ്" എന്ന് പി. രാജീവ് പരിഹസിച്ചു. ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവന കമ്പനി തന്നെ പരസ്യമായി തള്ളിപ്പറയേണ്ടി വരുന്ന സാഹചര്യം ടാറ്റയുടെ ചരിത്രത്തിൽ ആദ്യമായിരിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം പ്രസ്താവനകൾ കേരളത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുമെന്നും രാജീവ് പറഞ്ഞു.മലബാർ സിമന്റ്സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എഞ്ചിനീയറിംഗ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ സംയുക്ത കപ്പൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. 'മിഷൻ സമുദ്ര'യുടെ ഭാഗമായിട്ടാണ് ഈ പദ്ധതിയെന്നും സതീശൻ അവകാശപ്പെട്ടിരുന്നു.
എന്നാൽ ഈ ധാരണാപത്രം 2025-ലെ ഇൻവെസ്റ്റ് കേരള സമ്മേളനത്തിൽ വെച്ച് ഒപ്പുവെച്ചതാണെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി. താൻ വ്യവസായ മന്ത്രിയായിരിക്കുമ്പോൾ ടാറ്റാ ചെയർമാനുമായി രണ്ട് മണിക്കൂറോളം ചർച്ച നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. "ഞങ്ങൾ നടത്തിയ ചർച്ചകളുടെയും കരാറുകളുടെയും ക്രെഡിറ്റ് ഏറ്റെടുക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. എട്ടുകാലി മമ്മൂഞ്ഞിനെ പോലെ എല്ലാത്തിലും കയറിപ്പറ്റാൻ നോക്കുകയാണ്" എന്ന് രാജീവ് വിമർശിച്ചു.
2025 ജൂലൈയിൽ കൊച്ചിൻ ഷിപ്പ്‌യാർഡും ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടായിയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രവും അതുമായി ബന്ധപ്പെട്ട നടപടികളും നടന്നിട്ടുണ്ടെന്നും ഇത് നാളെ 'മിഷൻ സമുദ്ര'യുടെ ഭാഗമായി മുഖ്യമന്ത്രി അവതരിപ്പിച്ചേക്കുമെന്നും അദ്ദേഹം പരിഹസിച്ചു.ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാൾ നടത്തുന്ന പ്രസ്താവന ആധികാരികമായിരിക്കണമെന്ന് പി. രാജീവ് പറഞ്ഞു.
"സതീശൻ മുഖ്യമന്ത്രിയായ ഉടൻ ടാറ്റ 10,000 കോടിയുടെ നിക്ഷേപവുമായി വരുമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾക്ക് സന്തോഷമുണ്ടായിരുന്നു. പിന്തുണ നൽകാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ന് പ്രശ്നമുണ്ടായപ്പോൾ മാധ്യമങ്ങളാണ് കുഴപ്പമുണ്ടാക്കിയതെന്ന് പറയുകയാണ്" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഇത്തരം വസ്തുതാവിരുദ്ധമായ പ്രസ്താവനകളിലൂടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത മാത്രമല്ല, കേരളത്തിന്റെ വ്യവസായ സൗഹൃദ ഇമേജും നഷ്ടപ്പെടുമെന്ന് പി. രാജീവ് മുന്നറിയിപ്പ് നൽകി.
Content Highlight: P Rajeev Slams CM VD Satheesan Over Tata Investment Row in Kerala Shipyard
#P Rajeev #VD Satheesan #Tata Investment #Kerala Shipyard #Cochin Port #CPM #Mission Samudra



























