#VD Satheesan #Aloysius Xavier #KSU #Kerala CM #SH College Kochi
കൊച്ചി: ഒരേ വേദിയിൽ പങ്കെടുത്തിട്ടും മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ ഗൗനിക്കാതെ പോയ സംഭവത്തിൽ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കൊച്ചി എസ്.എച്ച് കോളേജിൽ നടന്ന പരിപാടിയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.
വേദിയിൽ പ്രസംഗിച്ച ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി, കാത്തുനിന്ന അലോഷ്യസ് സേവ്യറെ കാണാതെ മടങ്ങുകയായിരുന്നു. മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് വി.ഡി. സതീശൻ ഒരു കലാലയ പരിപാടിയിൽ പങ്കെടുക്കുന്നത്."ഞാൻ പഠിച്ച രാഷ്ട്രീയം മുതിർന്നവരെ കാണുമ്പോൾ ചിരിക്കുക എന്നതാണ്.
പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുകയാണ് ഞാൻ പഠിച്ചത്. കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാർ. തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് ഞാൻ ചെയ്ത തെറ്റ്. അത് തുടരും" എന്ന് അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി തിരിച്ചു ചിരിക്കാത്തതിന് മറുപടിയില്ലെന്നും എന്നാൽ ഇത് വിമർശനമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"മുഖ്യമന്ത്രിയെ കാണാൻ കഴിയാത്തത് തെറ്റായി കാണുന്നില്ല. ഇനിയും കാണാൻ ശ്രമിക്കും. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ മുഖ്യമന്ത്രിയുമായി പങ്കുവെക്കും" എന്നും കെ.എസ്.യു അധ്യക്ഷൻ കൂട്ടിച്ചേർത്തു.സർക്കാരും കെ.എസ്.യുവും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നതിനിടയിലാണ് ഈ സംഭവം.
പ്രവർത്തകരുടെ വികാരങ്ങൾക്ക് വിലകൊടുക്കണമെന്നും അവരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അലോഷ്യസ് പറഞ്ഞു. കെ.എസ്.യു സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നത് തുടരുമെന്നും എന്നാൽ അതൊരു വ്യക്തി വിരോധത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: KSU Chief Aloysius Xavier Responds After CM VD Satheesan Ignores Him At Kochi Event
#VD Satheesan #Aloysius Xavier #KSU #Kerala CM #SH College Kochi

































