#School Holiday #Alappuzha #Rajagiri School #N Shamsudheen #FIFA World Cup 2026
ആലപ്പുഴ: ( www.truevisionnews.com) ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കണക്കിലെടുത്ത് സംസ്ഥാനത്ത് മറ്റൊരു സ്കൂളിന് കൂടി അവധി പ്രഖ്യാപിച്ചു. ആലപ്പുഴ മണപ്പുറം രാജഗിരി സെന്റ് ചവറ സിഎംഐ പബ്ലിക് സ്കൂളിനാണ് സ്കൂൾ മാനേജ്മെന്റ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്.
നേരത്തെ എറണാകുളം മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ കുട്ടികൾക്കും തിങ്കളാഴ്ച അവധി നൽകിയിരുന്നു. കളി കണ്ട് ഉറക്കം തൂങ്ങി ക്ലാസിൽ ഇരിക്കാതിരിക്കാനും, പിറ്റേദിവസത്തെ ക്ലാസിനെക്കുറിച്ച് കുട്ടികൾ ആശങ്കപ്പെടാതിരിക്കാനുമാണ് അവധി നൽകുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
അർധരാത്രി കഴിഞ്ഞ് പുലർച്ചെ 12.30-നാണ് ലോകകപ്പ് ഫൈനൽ ആരംഭിക്കുക. കൃത്യസമയത്ത് അവസാനിച്ചാൽ പോലും മത്സരം പൂർത്തിയാകാൻ 2.30 ആകും. സമ്മാനദാന ചടങ്ങ് കൂടി കഴിഞ്ഞാൽ പുലർച്ചെ 3 മണിയാകും. എക്സ്ട്രാ ടൈമും പെനാൽറ്റി ഷൂട്ടൗട്ടും ഉണ്ടായാൽ മത്സരം പുലർച്ചെ വരെ നീളാനും സാധ്യതയുണ്ട്.
ഈ സാഹചര്യം കണക്കിലെടുത്താണ് തിങ്കളാഴ്ച കുട്ടികൾക്ക് അവധി നൽകാൻ സ്കൂൾ അധികൃതർ തീരുമാനിച്ചത്.അതേസമയം, സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യം നിരവധി പേർ ഉന്നയിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. എന്നാൽ അവധി നൽകണമോ എന്നതിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി."അധ്യായന ദിവസങ്ങൾ കുറയുന്നത് പ്രയാസമാണ്.
അവധി നൽകിയാൽ പകരം ദിവസം നൽകേണ്ടിവരും. അതുകൊണ്ട് ഈ കാര്യത്തിൽ ഇപ്പോൾ ഒരു തീരുമാനം പറയാനാവില്ല" എന്ന് മാധ്യമങ്ങളോട് മന്ത്രി ഷംസുദ്ദീൻ പറഞ്ഞു.ഫുട്ബോൾ ആരാധകരായ വിദ്യാർഥികൾക്കിടയിൽ ലോകപ്പ് ഫൈനലിനോടുള്ള ആവേശം വലുതാണ്. രണ്ട് സ്കൂളുകൾ അവധി പ്രഖ്യാപിച്ചതോടെ മറ്റ് സ്കൂളുകളും സമാനമായ തീരുമാനം എടുക്കുമോ എന്ന ആകാംക്ഷയും നിലനിൽക്കുന്നുണ്ട്.
Content Highlight: World Cup Final Holiday: Alappuzha School Declares Holiday On Monday, Education Minister Responds
#School Holiday #Alappuzha #Rajagiri School #N Shamsudheen #FIFA World Cup 2026

































