#Pathanamthitta News #Rajan Joseph #Sreenadevi Kunjamma #Cyber Defamation #Kerala Politics #Adoor Police
പത്തനംതിട്ട: ( www.truevisionnews.com) ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അടൂർ പൊലീസ് കേസെടുത്തത്.
ജില്ലാപഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജൻ ജോസഫിനെ ഒന്നാം പ്രതിയും സിബി തോമസിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതേ സ്റ്റേഷനിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യം നേടി പോയതിന് പിന്നാലെയാണ് വീണ്ടും പരാതി ഉയർന്നത്.
തന്നെ അപമാനിക്കുന്ന രീതിയിൽ രാജൻ ജോസഫ് യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും വീഡിയോകൾ പ്രസിദ്ധീകരിച്ചെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ ആരോപണം. മലപ്പുറം സ്വദേശിയായ രാജൻ ജോസഫിനെ മുൻപ് ഈ കേസിൽ അടൂർ പൊലീസ് എറണാകുളത്ത് നിന്നാണ് പിടികൂടിയത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ പോയ ഇയാളെ ഈ മാസം 11-ന് രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തുടർന്ന് കോടതിയിൽ ഹാജരാക്കി ജാമ്യം ലഭിച്ചെങ്കിലും, വീണ്ടും സമാന രീതിയിൽ വീഡിയോകൾ ചെയ്തെന്നാണ് പുതിയ പരാതി. രാജൻ ജോസഫിനെതിരെ മറ്റ് ചില പൊലീസ് സ്റ്റേഷനുകളിലും സമാന പരാതികൾ നിലവിലുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തലും വ്യാജ പ്രചാരണങ്ങളും ശക്തമായി നേരിടുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അടൂർ പൊലീസും അറിയിച്ചു. ജനപ്രതിനിധികളെ ലക്ഷ്യം വെച്ചുള്ള സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Content Highlight: Pathanamthitta: YouTuber Rajan Joseph Booked Again For Defaming District Panchayat Member
#Pathanamthitta News #Rajan Joseph #Sreenadevi Kunjamma #Cyber Defamation #Kerala Politics #Adoor Police

































