#Latest News #PSC Recruitment Fraud #Crime Branch IG Ajitha Beegum #Investigation
തിരുവനന്തപുരം: ( www.truevisionnews.com ) പി എസ് സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. ഐ ജി അജിത ബീഗമായിരിക്കും എസ് ഐ ടിയെ നയിക്കുകയെന്നാണ് ഡി ജി പിയുടെ ഉത്തരവിൽ പറയുന്നത്. എസ് പി സക്കറിയ മാത്യു, ഡി വൈ എസ് പി അജയ് നാഥ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോൾ സമർപ്പിക്കണമെന്നും ഡി ജി പിയുടെ ഉത്തരവിൽ നിർദ്ദേശമുണ്ട്.
പി എസ് സി പരീക്ഷ ക്രമക്കേടിൽ ഒരേ സമയം രണ്ട് അന്വേഷണമാണ് നടക്കുന്നത്. പി എസ് സി ആഭ്യന്തര വിജിലന്‍സും ക്രൈംബ്രാഞ്ചുമാണ് വ്യത്യസ്തങ്ങളായ അന്വേഷണം നടത്തുന്നത്. ആസൂത്രണ ബോര്‍ഡിലെ നിയമനത്തിനുള്ള പരീക്ഷയിൽ ക്രമക്കേടെന്ന് പരാതിയിൽ പി എസ് സി നിയോഗിച്ചത് അനുസരിച്ച് അഭ്യന്തര വിജിലൻസ് എസ് പി അന്വേഷണം തുടങ്ങി.
ഇതിനൊപ്പമാണ് മന്ത്രിസഭാ തീരുമാന പ്രകാരം ക്രൈം ബ്രാഞ്ചും അന്വേഷണ തുടങ്ങുന്നത്. ക്രൈബ്രാഞ്ചിനെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. പി എസ് സി പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ആരോപണങ്ങളിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക.
അതേസമയം ആസൂത്രണ ബോര്‍ഡിലെ ചീഫ് തസ്തികയിലേയ്ക്ക് പരീക്ഷ മൂല്യനിര്‍ണയ ക്രമക്കേടിനെതിരായ പരാതികളിൽ അന്വേഷണ അനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നൽകിയിരുന്നുവെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ആസൂത്രണ ബോര്‍ഡ് നിയമനത്തിലെ പരാതിയിൽ ഊന്നിയാകും ക്രൈംബ്രാഞ്ച് അന്വേഷണം. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷമേ ക്രൈംബ്രാഞ്ച് കേസെടുക്കു.
ഫയലുകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നൽകും. എന്നാൽ ഫയലുകള്‍ നൽകണോയെന്നതിൽ പി എസ് സി നിയമോപദേശം തേടും. കമ്മീഷൻ യോഗം ചേര്‍ന്നേ ഫയൽ നൽകുന്നതിൽ തീരുമാനമെടുക്കു. അഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്തുന്ന കാര്യവും പി എസ് സിക്ക് പറയാനാകും.
പി എസ് സി വിജിലൻസ് എസ് പിയുടെ ഓഫീസിലായിരുന്നു ആസൂത്രണ ബോര്‍ഡിലെ നിയമനത്തിൽ ക്രമക്കേടെന്ന് പരാതി നൽകിയ ആളുടെ മൊഴി ഇന്നലെ എടുത്തത്. മൂല്യ നിർണയത്തിലും അഭിമുഖത്തിലും അട്ടിമറി ഉണ്ടായതായി സംശയിക്കുന്നതായും രേഖകൾ മുഴുവൻ പി എസ് സി നൽകിയില്ലെന്നും മൊഴി നൽകി. കൂടുതൽ പരാതിക്കാരുടെയും, പരീക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും മൊഴി വരും ദിവസം എടുക്കും.
Content Highlight: psc recruitment fraud crime branch ig ajitha beegum entrusted with the investigation
#Latest News #PSC Recruitment Fraud #Crime Branch IG Ajitha Beegum #Investigation




























