#Latest News #Pepper Spray #Police #Fine #Home Secretary #Thiruvananthapuram
തിരുവനന്തപുരം: ( www.truevisionnews.com ) യുവാവിന് നേരെ പൊലീസിന്‍റെ പെപ്പർ സ്പ്രേ പ്രയോഗത്തിൽ 50000 രൂപ നഷ്ടപരിഹാരം അനുവദിച്ച് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. മനുഷ്യാവകാശ കമ്മീഷന്റെ നിർദേശത്തിന് പിന്നാലെയാണ് നടപടി. പരാതിക്കാരന് 50000 രൂപ നൽകാമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
പെപ്പര്‍ സ്പ്രേ പ്രയോഗിച്ച എസ്ഐ സുമേഷ് ലാലിൽ നിന്ന് പണം ഈടാക്കണമെന്നും നിർദേശത്തിൽ പറയുന്നു. കുടുംബ പ്രശ്നത്തിൽ കസ്റ്റഡിയിലെടുത്ത ശ്രീനാഥ് എന്നയുവാവിനെ എസ്ഐ മർദ്ദിക്കുകയും പെപ്പർ സ്പ്രേ അടിക്കുകയും ചെയ്തെന്നാണ് പരാതി. ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവിൻറെ കണ്ണിൽ എസ്ഐ പെപ്പർ സ്പ്രേ അടിച്ചെന്നായിരുന്നു പരാതി.
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇക്കഴിഞ്ഞ മാർച്ച് 15-നാണ് പരാതിക്കാരനായ ചിറയിൻകീഴ് സ്വദേശിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
2023 ഒക്ടോബർ 9-ന് തിരുവനന്തപുരം ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ചിറയിൻകീഴ് കുറക്കട സ്വദേശിയായ ശ്രീനാഥ് നൽകിയ പരാതിയിലാണ് നടപടി. ശ്രീനാഥും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ കുടുംബ കോടതിയിൽ നടന്നുവരികയായിരുന്നു.
ഇതിനിടയിൽ ശ്രീനാഥ് ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചിറയിൻകീഴ് പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിലും എസ്.ഐയുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമം സ്ഥിരീകരിച്ചിരുന്നു.
Content Highlight: police used pepper spray on a young man si fined 50k
#Latest News #Pepper Spray #Police #Fine #Home Secretary #Thiruvananthapuram

































.jpeg)