#Latest News #Arrest #Theft Case #NewMahi Police
ന്യൂമാഹി: ( www.truevisionnews.com ) സ്ത്രീവേഷത്തിൽ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ. വയനാട് പുല്പള്ളി സ്വദേശി റോമിയോ ബേബിയെ (28) ആണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്. നിർമാണത്തിലിരിക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്ടിക്കൽവയർ ഉൾപ്പെടെ മോഷണം നടത്തുന്നതാണ് രീതി. ന്യൂമാഹി ടൗണിൽ മാഹിപ്പാലത്തിന് സമീപം മൂന്നിടങ്ങളിലാണ് ലക്ഷങ്ങളുടെ കവർച്ച നടന്നത്.
കവർച്ച നടത്താനുദ്ദേശിക്കുന്ന സ്ഥലങ്ങൾ പകൽ സ്ത്രീവേഷത്തിലെത്തി നിരീക്ഷിക്കുന്നതാണ് രീതി. രാത്രി സ്ത്രീവേഷം കെട്ടി ആരുടെയും ശ്രദ്ധയിൽപ്പെടാതെ ലക്ഷങ്ങൾ വിലമതിക്കുന്ന സാധനസാമഗ്രികൾ കവരുകയും ചെയ്യും. ഞായറാഴ്ച പുലർച്ചെ ന്യൂമാഹി എക്സൈസ് ചെക് പോസ്റ്റിന് സമീപത്ത് നിർമാണം നടക്കുന്ന വീട്ടിൽ കവർച്ചക്കെത്തിയപ്പോഴാണ് ഇയാളെ ന്യൂമാഹി പോലീസ് പിടികൂടിയത്.
ആലമ്പത്ത് മീത്തൽ ജായിസ് എന്നയാളുടെ നിർമാണത്തിലിരിക്കുന്ന വീട്ടിലെ വൈദ്യുതവയറുകൾ പുറത്തേക്ക് വലിച്ചെടുത്താണ് ഇയാൾ കവർച്ച നടത്തിയത്. നാലുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉടമയ്ക്കുണ്ടായത്. ലോറൽ ഗാർഡൻ ഉടമ ഉസ്സൻമെട്ടയിലെ ആലമ്പത്ത് മീത്തൽ ജസ്‍ലിമിന്റെ ഉടമസ്ഥതയിലുള്ള പുതുതായി പ്രവൃത്തി നടക്കുന്ന ലാർഡ് റസ്റ്റോ കഫെ സ്ഥാപനത്തിലും കവർച്ച നടത്തി.
പ്രവൃത്തി നടത്താൻ വാങ്ങിയ ഇലക്ട്രിക്കൽ കേബിളുകളാണ് കവർന്നത്. അറുപതിനായിരത്തോളം രൂപയുടെ വയറുകളാണ് കവർന്നത്. വി.കെ. നവാസ് എന്നയാളുടെ നിർമാണം നടക്കുന്ന വീട്ടിലും കവർച്ച നടന്നു.
സി.സി.ടി.വി. കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാളുടെ പേരിൽ പുല്പള്ളിയിലടക്കം സമാനമായ 14 കേസുകളുണ്ട്. ന്യൂമാഹി എസ്.ഐ. സി.പി. ലിനേഷ്, ഗ്രേഡ് എസ്.ഐ. കെ.വി. സതീശൻ, ഡ്രൈവർ നിതിൻ, ഹോം ഗാർഡ് പ്രേമൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlight: Young man arrested for habitual theft while disguised as a woman.

































