#Latest news #Complaint #Teacher #Staff room #Palakkad
പാലക്കാട്: ( www.truevisionnews.com) നെന്മാറ അയിലൂർ ഗവ. യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ചെറിയ അടിപിടിയുണ്ടായതിനെ തുടർന്ന് കുട്ടികളെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇവിടെ വെച്ച് സോഷ്യൽ സയൻസ് അധ്യാപകനായ ഉദയൻ കണ്ണിന് താഴെ ഇടിച്ചെന്നാണ് കുട്ടിയുടെ പരാതി.
മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ ഇടതു കണ്ണിന് താഴെ പരിക്കേറ്റിട്ടുണ്ട്. അധ്യാപകർ തന്നെ 'ഗുണ്ട' എന്ന് വിളിച്ച് അധിക്ഷേപിച്ചതായും വിദ്യാർത്ഥി ആരോപിച്ചു. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്ന് നെന്മാറ പോലീസ് എത്തി വിദ്യാർത്ഥിയുടെയും അധ്യാപകന്റെയും മൊഴിയെടുത്തു. എന്നാൽ പോലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതായി പോലീസ് അറിയിച്ചു.
അതേസമയം, സ്കൂൾ വാർഷികത്തിന്റെ നോട്ടീസിൽ പി.ടി.എ വൈസ് പ്രസിഡന്റ് കൂടിയായ കുട്ടിയുടെ അമ്മയുടെ പേര് ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നുവെന്നും, ഇതിന്റെ വൈരാഗ്യത്തിലാണ് തനിക്കെതിരെ വ്യാജ പരാതി നൽകിയതെന്നുമാണ് അധ്യാപകനായ ഉദയന്റെ വിശദീകരണം.
Content Highlight: Complaint that a teacher summoned a student to the staff room and assaulted them
































