---
title: "'ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യില്‍'; ദുൽഖർ സൽമാന് വീണ്ടും കസ്റ്റംസ് നോട്ടീസ് "
english_title: "Customs issues fresh notice to Dulquer Salmaan in Bhutan vehicle smuggling case"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369850/customs-issues-fresh-notice-to-dulquer-salmaan-in-bhutan-vehicle-smuggling-case"
published_at: "2026-07-02T09:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a45e2ca7268e_drghryj.jpg"
keywords: ["Latest news", "Customs", "Dulquer Salmaan", "Vehicle smuggling case", "Bhutan", "DQ"]
---

# 'ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യില്‍'; ദുൽഖർ സൽമാന് വീണ്ടും കസ്റ്റംസ് നോട്ടീസ് 

> **Lead Summary:** കൊച്ചി: **[** ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങള്‍ കടത്തിയ കേസില്‍ നടൻ ദുല്‍ഖര്‍ സല്‍മാനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതൽ വാഹനങ്ങള്‍ ദുല്‍ഖറിന്റെ പക്കലുണ്ടെന്നാണ് കസ്റ്റംസ് നിഗമനം. നിലവിൽ നടന്റെ നാല് വാഹനങ്ങള്‍ കൂടി അന്വേഷണ പരിധിയിലുണ്ട്. ഇവയുടെ രേഖകള്‍ ഹാജരാക്കാന്‍ കസ്റ്റംസ് നിര്‍ദേശിച്ചിട്ടുണ്ട്. ഈ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യുക.

## Article Content

കൊച്ചി: **[** ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങള്‍ കടത്തിയ കേസില്‍ നടൻ ദുല്‍ഖര്‍ സല്‍മാനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതൽ വാഹനങ്ങള്‍ ദുല്‍ഖറിന്റെ പക്കലുണ്ടെന്നാണ് കസ്റ്റംസ് നിഗമനം. നിലവിൽ നടന്റെ നാല് വാഹനങ്ങള്‍ കൂടി അന്വേഷണ പരിധിയിലുണ്ട്. ഇവയുടെ രേഖകള്‍ ഹാജരാക്കാന്‍ കസ്റ്റംസ് നിര്‍ദേശിച്ചിട്ടുണ്ട്. ഈ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യുക.

കേസുമായി ബന്ധപ്പെട്ട് ഇന്നലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ദുല്‍ഖറിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എന്നാൽ, നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങളാണ് താന്‍ വാങ്ങിയതെന്ന് അറിയില്ലായിരുന്നുവെന്നാണ് ദുല്‍ഖര്‍ മൊഴി നല്‍കിയത്. വാഹന കള്ളക്കടത്ത് റാക്കറ്റുമായി തനിക്ക് ബന്ധമില്ലെന്നും കൈവശമുള്ള വാഹനങ്ങള്‍ക്ക് കൃത്യമായ രേഖകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെ ദുല്‍ഖറിന്റെ നിസ്സാന്‍ പട്രോള്‍, ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍ എന്നീ വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിൽ 'ലക്കി ഭാസ്‌കര്‍' എന്ന സിനിമയില്‍ ഉപയോഗിച്ച നിസ്സാന്‍ പട്രോള്‍ കളമശ്ശേരിയിലെ ഷോറൂമില്‍ നിന്നാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.

പിടിച്ചെടുത്ത വാഹനങ്ങളിൽ ഡിഫന്‍ഡര്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു. ദുല്‍ഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും, വാഹനം വിട്ടുനല്‍കുന്നത് പരിഗണിക്കാനായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയുമെന്നും, അല്ലാത്തപക്ഷം കാരണം രേഖാമൂലം അറിയിക്കണമെന്നും കോടതി കസ്റ്റംസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് കൊച്ചി യൂണിറ്റ് നടത്തിയ 'ഓപ്പറേഷന്‍ നുംഖോറി'ൽ മുഖ്യസൂത്രധാരനായ ബംഗാള്‍ സ്വദേശി ബിശ്വദീപ് ദാസ്, അസമിലെ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ദീപക് പഠോവരി എന്നിവരടക്കം അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഭൂട്ടാനില്‍ നിന്ന് വിദേശ നിര്‍മിത സെക്കന്‍ഡ് ഹാന്‍ഡ് ആഡംബര കാറുകള്‍ അനധികൃതമായി ഇന്ത്യയിലെത്തിച്ച്, വ്യാജ രേഖകളുണ്ടാക്കി വിവിധ സംസ്ഥാനങ്ങളില്‍ വില്‍പ്പന നടത്തുന്ന തട്ടിപ്പാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/369850/customs-issues-fresh-notice-to-dulquer-salmaan-in-bhutan-vehicle-smuggling-case)