#Latest News #Missing Student #Wayanad Hills #Police
കോഴിക്കോട് : ( www.truevisionnews.com ) നാടിനെയും പൊലീസിനെയും മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ. നീണ്ട തിരച്ചിലിന് ഒടുവിലാണ് വെള്ളിയാഴ്ച രാത്രി വൈകിയോടെ കോഴിക്കോട് താമരശ്ശേരിയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടത്തിയത്.
ഒരു 'സർവൈവൽ ത്രില്ലർ' സിനിമയെ വെല്ലുന്ന തരത്തിലുള്ള ആസൂത്രണങ്ങളാണ് പത്താം ക്ലാസുകാരിയും പ്ലസ് ടു, പ്ലസ് വൺ വിദ്യാർഥികളായ അവളുടെ രണ്ട് സുഹൃത്തുക്കളും ചേർന്ന് നടത്തിയത്.
കൃത്യമായ പ്ലാനിങ്ങോടെ കുട്ടികൾ നടത്തിയ ഒളിച്ചോട്ടമായിരുന്നു ഇത്. യാത്രയ്ക്ക് പണം കണ്ടെത്താനായി കാണാതായവരിൽ ഒരാളുടെ 18,000 രൂപ വിലവരുന്ന സ്മാർട്ട്ഫോൺ താമരശേരിയിലെ ഒരു കടയിൽ 10,000 രൂപയ്ക്ക് വിറ്റു. പൊലീസിന്റെ സൈബർ അന്വേഷണം വഴിമുട്ടിക്കാൻ മറ്റ് രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്തു. കാട്ടിൽ തമ്പടിക്കാനായി ടാർപായ, അരി, ബ്രെഡ്, കത്തി, പാത്രങ്ങൾ എന്നിവയും ഇവർ കരുതിയിരുന്നു.
വ്യാഴാഴ്ച രാവിലെ പതിവുപോലെ സ്കൂളിലേക്കെന്ന് പറഞ്ഞാണ് പത്താം ക്ലാസുകാരിയായ പതിനഞ്ചുകാരി വീട്ടിൽ നിന്നിറങ്ങിയത്. ക്ലാസ് തുടങ്ങിയിട്ടും കുട്ടിയെ കാണാതായതോടെ അധ്യാപിക വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് നാടറിയുന്നത്, കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന്.
തുടർന്ന് നടത്തിയ തിരച്ചിലിൽ സ്കൂളിനടുത്തുള്ള റബർ തോട്ടത്തിന് സമീപത്ത് നിന്നും പെൺകുട്ടിയുടെ യൂണിഫോം കണ്ടെത്തി. അപ്പോഴാണ് അതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പതിനേഴുകാരനെയും അവന്റെ ഉറ്റസുഹൃത്തായ പ്ലസ് വൺ വിദ്യാർഥിയെയും കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. കുട്ടികൾക്കൊപ്പം അവരുടെ രണ്ട് ഇരുചക്രവാഹനങ്ങളും അപ്രത്യക്ഷമായിരുന്നു.
സ്കൂളിന് സമീപത്തെ പറമ്പിൽ അസ്വാഭാവിക സാഹചര്യത്തിൽ ഈ മൂന്ന് കുട്ടികളെയും കണ്ട ഒരു റബർ ടാപ്പിങ് തൊഴിലാളിക്ക് തോന്നിയ സംശയമാണ് അന്വേഷണത്തിൽ നിർണായകമായത്. അദേഹം പകർത്തിയ ഇവരുടെ ചിത്രം സ്കൂൾ അധികൃതർക്ക് കൈമാറിയതോടെയാണ് മൂവരും ഒന്നിച്ചാണ് പോയതെന്ന് സ്ഥിരീകരിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ ഇവർ ലക്കിടി ചുരം കടന്നതായി പൊലീസ് കണ്ടെത്തി.
വിദ്യാർഥികൾ വയനാട് വടുവൻചാലിലെ ചിത്രഗിരി ഭാഗത്തുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചു. കാട്ടിലെ അഞ്ചേക്കർ വരുന്ന കുന്ന് ഭാഗത്ത് ഇവർ ടെന്റടിച്ച് താമസിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും രക്ഷിതാക്കളും തിരച്ചിൽ ശക്തമാക്കി.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ചിത്രഗിരി സ്കൂളിന് സമീപത്തെ കാടുമൂടിയ പ്രദേശത്ത് വെച്ച് നാട്ടുകാർ ആദ്യം പ്ലസ് വൺ വിദ്യാർഥിയെ കണ്ടെത്തി. പൊലീസ് എത്തിയെന്നറിഞ്ഞതോടെ മറ്റ് രണ്ട് പേർ അവിടെ നിന്നും സ്കൂട്ടറിൽ കടന്നുകളഞ്ഞു. എന്നാൽ സിനിമാ സ്റ്റൈലിൽ നാട്ടുകാർ വാഹനങ്ങളിൽ ഇവരെ പിന്തുടർന്നു.
ഒടുവിൽ രാത്രി വൈകി പാടിവയലിനു സമീപം വെച്ച് നാട്ടുകാർ ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മേപ്പാടി പൊലീസ് സ്റ്റേഷനിലെത്തിച്ച വിദ്യാർഥികളെ തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
Content Highlight: Three missing students found in wayanad hills Update































.jpeg)


