#Latest News #Kozhikode #Private Bus
കോഴിക്കോട്: (truevisionnews.com) സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന വിവേചനങ്ങള്‍ക്കും മോശം പെരുമാറ്റങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാതല സ്റ്റുഡന്റ്‌സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം.
വിദ്യാര്‍ത്ഥികളെ ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മാത്രം കയറ്റുക, ക്യൂ നിര്‍ത്തുക, സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പ്രവണതകള്‍ അനുവദിക്കില്ലെന്ന് എഡിഎം പി അഖിലിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ തുടരാനും യോഗം തീരുമാനിച്ചു. റെഗുലര്‍ കോഴ്‌സുകളുടെ ഭാഗമായി ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും ബസ് കണ്‍സെഷന്‍ നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി.
പരമാവധി 40 കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ കാര്‍ഡുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ 'ലീഡ്‌സ്' ആപ്പ് മുഖേന നല്‍കാന്‍ തീരുമാനിച്ചു. ആപ്പില്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യങ്ങളില്‍ മാത്രം താത്കാലികമായി പഴയ രീതിയില്‍ കാര്‍ഡുകള്‍ നല്‍കും.
വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ എംവിഡി ലീഡ്‌സ് ആപ്പില്‍ രേഖപ്പെടുത്തുമ്പോള്‍ കൃത്യത പാലിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി. ലീഡ്‌സ് ആപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സംസ്ഥാന അഡ്മിനെ അറിയിക്കും.
വെസ്റ്റ്ഹില്‍ ഭാഗത്ത് സ്വകാര്യ ബസ്സുകള്‍ അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തുന്നുവെന്ന പരാതിയുണ്ടെന്ന് യോഗം വിലയിരുത്തി. ഇവിടെ പ്രത്യേക പരിശോധന നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെ ചുമതലപ്പെടുത്തി.
വിദ്യാര്‍ത്ഥികളുള്ള സ്റ്റോപ്പുകളില്‍ ബസ്സുകള്‍ നിര്‍ത്താതെ പോകുന്നത് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങള്‍ ഒഴികെ കണ്‍സെഷനായി അപേക്ഷ നല്‍കുന്ന മറ്റ് സ്വകാര്യ/അണ്‍എയ്ഡഡ് സ്ഥാപനങ്ങളുടെ ലിസ്റ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് കൈമാറും.
വിദ്യാര്‍ത്ഥികളുടെ യാത്ര സംബന്ധമായ പരാതികളും നിര്‍ദേശങ്ങളും കൃത്യമായി വിലയിരുത്തുന്നതിനായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ എല്ലാ ആറു മാസവും പ്രത്യേക അവലോകന യോഗങ്ങള്‍ ചേരാനും യോഗം തീരുമാനിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട് ആര്‍ടിഒ ജെബി ഐ ചെറിയാന്‍, ജോയിന്റ് ആര്‍ടിഒ രാമനാട്ടുകര സക്കറിയ, ജോയിന്റ് ആര്‍ടിഒ നന്മണ്ട പിപി രാജന്‍, വടകര ഇ ഒ പിഡി ഗീത, സിറ്റി ട്രാഫിക്ക് എസ്‌ഐ സന്തോഷ്, കെഎസ്ആര്‍ടിസി എടിഒ പികെ പ്രശോഭ്, നന്മണ്ട എസ്ആര്‍ടിഒ, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, പാരലല്‍ കോളേജ് അസോസിയേഷന്‍ പ്രതിനിധികള്‍, ബസ്സുടമ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlight: Students should not be discriminated against on buses, Students Traveling Facility Committee meets
































