കുണ്ടറ : ( www.truevisionnews.com)രാത്രികാലങ്ങളിൽ വീടുകളിൽ കയറി സ്ത്രീകളെ ഉപദ്രവിക്കുന്ന കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കാനെത്തയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപെട്ട പ്രതിയെ പിടികൂടി.
കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കിഴക്കേ കല്ലട കൊടുവിള കരാച്ചെരുവിൽ ജെ ജോമോൻ (20) ആണ് അറസ്റ്റിലായത്. നിരവധി വർഷങ്ങളായി ജോമോൻ പ്രദേശത്ത് ഭീതി പരത്തി വരികയായിരുന്നു.
രാത്രി കാലങ്ങളിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ അതിക്രമിച്ച് കയറി പതിയിരിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. എത്ര ഉയരമുള്ള മതിലും അനായാസം ചാടിക്കടക്കുന്ന ഇയാൾ സ്ത്രീകളുടെ വസ്ത്രങ്ങളും മറ്റും മോഷ്ടിച്ചുകൊണ്ട് പോയിരുന്നു.
ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നെങ്കിലും അന്ന് പ്രായപൂർത്തിയാകാത്തതിന്റെ പരിഗണന നൽകി വിട്ടയച്ചിരുന്നു. എന്നാൽ അടുത്തിടെ ഭയാനകമായ നിലയിൽ ഇയാളുടെ പ്രവർത്തികൾ വർദ്ധിച്ചതോടെ പൊലീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തിങ്കൾ രാത്രി ഒൻപതോടെ ഇയാളെ അന്വേഷിച്ച് പോലീസ് ഇയാളുടെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യുന്നതിനിടെ എ എസ് ഐ ബിജുവിനെ മുഖത്തിടിച്ച് പരിക്കേൽപ്പിച്ചശേഷം ഇയാൾ രക്ഷപെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വ രാത്രിയിൽ ഇയാൾ പോലീസ് പിടിയിലായത്. സി ഐ സജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ അനന്ദു മോഹൻ, എ എസ് ഐ ഉമേഷ്, സി പി ഓ മാരായ സുരേഷ് ബാബു, മനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Content Highlight: Suspect Arrested For Attacking Police Officer

































