---
title: "'റെഡ് ഫ്ലാഗ്' കണ്ട് പാഞ്ഞ കാളയുടെ അവസ്ഥയിലാണ് ഞാൻ!': ദുരൂഹതയുണർത്തി നസ്രിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി; ചർച്ചകളുമായി സോഷ്യൽ മീഡിയ!"
english_title: "Nazriya Nazim 'Red Flag' Post, Nazriya Nazim, Fahadh Faasil"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366581/nazriya-nazim-red-flag-post-nazriya-nazim-fahadh-faasil"
published_at: "2026-06-17T15:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32733c912cd_Nazriya_Nazim.jpg"
keywords: ["Nazriya Nazim", "Fahadh Faasil", "Red Flag", "Malayalam Cinema"]
---

# 'റെഡ് ഫ്ലാഗ്' കണ്ട് പാഞ്ഞ കാളയുടെ അവസ്ഥയിലാണ് ഞാൻ!': ദുരൂഹതയുണർത്തി നസ്രിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി; ചർച്ചകളുമായി സോഷ്യൽ മീഡിയ!

> **Lead Summary:** നടി നസ്രിയ നസീം പങ്കുവെച്ച ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. താരം കുറിച്ച വരികളുടെ യഥാർഥ പൊരുൾ തേടിയുള്ള നെട്ടോട്ടത്തിലാണ് ആരാധകർ.

## Article Content

നടി നസ്രിയ നസീം പങ്കുവെച്ച ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. താരം കുറിച്ച വരികളുടെ യഥാർഥ പൊരുൾ തേടിയുള്ള നെട്ടോട്ടത്തിലാണ് ആരാധകർ.

‘റെഡ് ഫ്ലാഗു’കൾക്ക് പിന്നാലെ പായുന്ന കാളയുടെ അവസ്ഥയെപ്പറ്റിയാണ് നസ്രിയ തന്റെ സ്റ്റോറിയിൽ കുറിച്ചത്. ബന്ധങ്ങളിലെ തകർച്ചയെയോ മോശം പ്രവണതകളെയോ സൂചിപ്പിക്കാൻ ഇന്റർനെറ്റ് ലോകം വ്യാപകമായി ഉപയോഗിക്കുന്ന പ്രയോഗമാണ് 'റെഡ് ഫ്ലാഗ്'. അതുകൊണ്ടുതന്നെ ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ റെഡ്ഡിറ്റ് , എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പലവിധത്തിലുള്ള ഊഹാപോഹങ്ങളും ചർച്ചകളും സജീവമായിക്കഴിഞ്ഞു.

‘‘ചുവപ്പു കണ്ടാൽ പിന്നാലെ പായുന്ന കാളകൾക്ക് ഭ്രാന്താണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്, എന്നാൽ ഇപ്പോൾ ഞാനും ഇതാ ഇവിടെയാണ്..’’ എന്നായിരുന്നു നസ്രിയ കുറിച്ചത്. (താൻ നേരിട്ട മുന്നറിയിപ്പുകൾ(ചുവപ്പ്) അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോൾ നേരിടുന്നതെന്ന പരോക്ഷാർത്ഥമാണ് ഈ പ്രയോഗത്തിലൂടെ വിവക്ഷിക്കപ്പെടുന്നത്.).

സ്‌പെയിനിലെ പ്രസിദ്ധമായ കാളപ്പോരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് നടി പങ്കുവച്ചിരിക്കുന്ന ഉദ്ധരണി. ദേഷ്യത്തോടെയുള്ള പ്രതികരണം ഉളവാക്കുന്ന പ്രകോപനങ്ങളെ 'കാളയ്ക്കുമുന്നിലെ ചുവപ്പുതുണി' എന്ന പ്രയോഗമുപയോഗിച്ച് വിശേഷിപ്പിക്കാറുണ്ട്.

ഫാൻസ് ഗ്രൂപ്പുകളും സിനിമാ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്ന പ്രധാന വസ്തുത നസ്രിയയുടെ പുതിയ ചിത്രവുമായി ബന്ധപ്പെട്ടതാണ്. ടൊവിനോ തോമസിനൊപ്പം നസ്രിയ പ്രധാന വേഷത്തിലെത്തുന്ന 'എൽ ക്ലാസിക്കോ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഈ പോസ്റ്റെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. സ്പെയിനിന്റെ പശ്ചാത്തലത്തിൽ, ബുൾ ഫൈറ്റിനും ഫുട്ബോളിനും പ്രാധാന്യമുള്ളതാണ് ഈ ചിത്രമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിലെ 'കാള'യെയും 'ചുവന്ന കൊടി'യെയും ബന്ധിപ്പിച്ചുകൊണ്ട് സിനിമയ്ക്ക് മുന്നോടിയായി ഹൈപ്പ് സൃഷ്ടിക്കാൻ അണിയറപ്രവർത്തകർ നടത്തിയ ഒരു പി.ആർ സ്റ്റണ്ട് (PR Strategy) മാത്രമായിരിക്കാം ഇതെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും തമ്മിൽ എന്തെങ്കിലും അസ്വാരസ്യങ്ങളുണ്ടോ എന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ ഇത്തരം വ്യാജ പ്രചാരണങ്ങളെ പൂർണമായും തള്ളിക്കളയുകയാണ് ആരാധകർ. മലയാള സിനിമയിലെ ഏറ്റവും മാതൃകാദമ്പതികളായ ഇരുവരും സന്തോഷകരമായ ജീവിതമാണ് നയിക്കുന്നതെന്നും, ഫഹദിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ നസ്രിയ സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടെന്നും ആരാധകർ ഓർമ്മിപ്പിക്കുന്നു.

ബേസിൽ ജോസഫിനൊപ്പം അഭിനയിച്ച 'സൂക്ഷ്മദർശിനി'യുടെ വൻ വിജയത്തിന് ശേഷം നസ്രിയയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾക്കായി വലിയ കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് നസ്രിയയുടെ അടുത്ത റിലീസ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/366581/nazriya-nazim-red-flag-post-nazriya-nazim-fahadh-faasil)