#latest news #Abdul Rahim #release #money collector
കോഴിക്കോട്: ( www.truevisionnews.com ) സൗദി ജയിലിൽ നിന്നും മോചിതനായി അബ്ദുൽ റഹീം നാട്ടിലെത്തിയിട്ടും, ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുകയുടെ കണക്കുകൾ വ്യക്തമാക്കാത്തതിൽ കടുത്ത വിമർശനം. മോചനദ്രവ്യം നൽകിയതിന് ശേഷം ബാക്കിവന്ന ഏകദേശം 10 കോടിയോളം രൂപയെക്കുറിച്ച് വ്യക്തത വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് പ്രധാനമായും ഈ ചർച്ചകളും പ്രതിഷേധവും ഉയരുന്നത്.
എന്നാൽ, അധികമായി വന്ന തുക നിലവിൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് റഹീം നിയമസഹായ സമിതി നൽകുന്ന വിശദീകരണം. ഇക്കഴിഞ്ഞ മെയ് 28-നായിരുന്നു 18 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിൽ തിരിച്ചെത്തിയത്.
പണത്തിന്റെ കണക്ക് പറയേണ്ടത് നിയമസഹായ സമിതിയാണ്. ക്രൗഡ് ഫണ്ടിങ്ങുമായി തങ്ങൾക്ക് നേരിട്ട് ബന്ധമില്ലെന്നും ഈ പണത്തിൽ യാതൊരു അവകാശവും ഉന്നയിക്കുന്നില്ലെന്നും റഹീമിന്റെ കുടുംബം വ്യക്തമാക്കി.
ബാക്കി വന്ന പണം എന്ത് ചെയ്യണമെന്ന് പണം നൽകിയ പൊതുജനങ്ങൾ തന്നെ തീരുമാനിക്കണമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഇതിനായി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പൊതുജനങ്ങളുടെ അഭിപ്രായം തേടുമെന്നും ഭൂരിപക്ഷ അഭിപ്രായം മാനിച്ച് തുടർനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"പലരും 13 കോടി എവിടെ എന്ന് എന്നോട് ചോദിക്കുന്നുണ്ട്. ഞാൻ ഒരു കോടി രൂപയാണ് നൽകിയത്, പണം കൈകൊണ്ട് തൊട്ടിട്ടില്ല. എല്ലാവരോടും നിയമസഹായ കമ്മിറ്റിയുടെ ക്യു.ആർ കോഡിലേക്ക് പണം അയക്കാനാണ് പറഞ്ഞത്. തന്റെ പേരിൽ പലയിടത്തും പണപ്പിരിവ് നടന്നതോടെ ബോക്‌സ് വഴിയുള്ള കളക്ഷൻ നിർത്തിയിരുന്നു ബോബി ചെമ്മണ്ണൂർ
2006 ഡിസംബർ 24-നാണ് സൗദി സ്വദേശിയായ അനസ് അൽ ശഹ്രി എന്ന ബാലൻ മരിച്ച കേസിൽ അബ്ദുൽ റഹീം ജയിലിലാകുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കാറിലെ യാത്രയ്ക്കിടെയുണ്ടായ തർക്കത്തിനിടെ അനസ് റഹീമിന്റെ മുഖത്ത് തുപ്പുകയും, ഇത് തടയാൻ ശ്രമിച്ചപ്പോൾ റഹീമിന്റെ കൈ അബദ്ധത്തിൽ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയുമായിരുന്നു. തുടർന്ന് ബോധരഹിതനായ ബാലൻ മരണപ്പെട്ടു.
കോടതി വധശിക്ഷ വിധിച്ച റഹീമിനെ രക്ഷിക്കാൻ ഒന്നരക്കോടി സൗദി റിയാലാണ് (ഏകദേശം 34 കോടി രൂപ) ദിയാധനമായി ആവശ്യപ്പെട്ടത്. ലോകമെമ്പാടുമുള്ള മലയാളികൾ ഒത്തുപിടിച്ച ക്രൗഡ് ഫണ്ടിങ്ങിലൂടെ 46 കോടി രൂപയാണ് റഹീമിന്റെ മോചനത്തിനായി ആകെ സമാഹരിച്ചത്. ഇതിൽ ദിയാധനവും മറ്റ് ചെലവുകളും കഴിഞ്ഞ് ബാക്കി വന്ന തുകയാണ് ഇപ്പോൾ നിയമസഹായ സമിതിയുടെ അക്കൗണ്ടിലുള്ളത്. ഈ തുക നല്ല രീതിയിൽ ഉപയോക്താക്കൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾക്കായി മാറ്റിവെക്കണമെന്നും വിവാദങ്ങൾ ഒഴിവാക്കണമെന്നുമാണ് പൊതുസമൂഹത്തിന്റെ ആവശ്യം.
Content Highlight: Massive criticism for not presenting the remaining amount collected for Abdul Rahim's release

































