#Latest News #Lakshadweep #Prohibition Of Alcohol Ended
കോഴിക്കോട്: (truevisionnews.com) ലക്ഷദ്വീപ് ആരാധകർക്കും ടൂറിസം മേഖലയ്ക്കും വൻ ട്വിസ്റ്റ് നൽകിക്കൊണ്ട് ദ്വീപിൽ 47 വർഷമായി നിലനിന്നിരുന്ന സമ്പൂർണ്ണ മദ്യനിരോധനം കേന്ദ്ര സർക്കാർ അവസാനിപ്പിച്ചു.
ദ്വീപിലെ പുതിയ എക്സൈസ് നിയമത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതോടെയാണ് ഈ ചരിത്ര തീരുമാനം. ഇനി മുതൽ ലക്ഷദ്വീപിൽ മദ്യത്തിന്റെ ഉത്പാദനം, വിൽപന, ഉപഭോഗം എന്നിവ കൃത്യമായി നിയന്ത്രിക്കാനായി ഒരു എക്‌സൈസ് കമ്മീഷ്ണറെയും പ്രത്യേകമായി നിയമിക്കും.
ടൂറിസം വികസനത്തിന്റെ പേരിൽ ദ്വീപിലേക്ക് മദ്യം കൊണ്ടുവരുന്നതിനെതിരെ മുൻപ് വലിയ രീതിയിൽ പ്രാദേശിക പ്രതിഷേധങ്ങൾ ഉയർന്നിരുന്നെങ്കിലും കേന്ദ്രം ഈ മാസ് നീക്കവുമായി മുന്നോട്ട് പോകുകയായിരുന്നു.
ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുൽ ഖേഡാ പട്ടേൽ ചാർജെടുത്തത് മുതൽ തന്നെ മദ്യനിരോധനം നീക്കാനുള്ള തകൃതിയായ നീക്കങ്ങൾ അണിയറയിൽ നടന്നിരുന്നു. ലക്ഷദ്വീപിലേക്ക് കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കണമെങ്കിൽ മദ്യനിരോധനം ഒഴിവാക്കിയേ തീരൂ എന്ന കടുത്ത നിലപാടിലായിരുന്നു അഡ്മിനിസ്ട്രേറ്റർ.
പുതിയ നിയമം വരുന്നതോടെ വരുമാനത്തിലും വൻ വർദ്ധനവാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് 400 ശതമാനമാണ് എക്‌സൈസ് ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്; ബിയറിനാകട്ടെ 200 ശതമാനം നികുതിയും നൽകണം.
അതേസമയം, നാടൻ കള്ളിന് യാതൊരുവിധ നികുതിയും ഏർപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പുതിയ എക്സൈസ് പോളിസി വരുന്നതോടെ ലക്ഷദ്വീപിലെ ടൂറിസം വൈബും ഇക്കോണമിയും പാടെ മാറുമെന്നാണ് വിലയിരുത്തൽ.
Content Highlight: Central government ends complete liquor ban in Lakshadweep


































