Jun 1, 2026 05:12 PM

#Government #Milk price #Rajeev Chandrasekhar #VDSATHEESAN

തിരുവനന്തപുരം: (https://truevisionnews.com/) സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിച്ച തീരുമാനം സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണക്കാർക്ക് മേൽ വിലക്കയറ്റം അടിച്ചേൽപ്പിക്കുന്ന ശൈലിയല്ല കോൺഗ്രസ് സർക്കാർ സ്വീകരിക്കേണ്ടത്. രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുന്ന കേരളത്തിൽ, പാലിന്‍റെ വില വീണ്ടും കൂട്ടുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ കൂടുതൽ പ്രതിസന്ധിയിലാക്കും.

ക്ഷീരകർഷകർക്ക് ന്യായമായ വില ലഭിക്കുക തന്നെ വേണം. എന്നാൽ അതിന്‍റെ ഭാരം സാധാരണക്കാരായ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. മുൻപ് എൽഡിഎഫ് സർക്കാർ ചെയ്തതും ഇതുതന്നെയാണ്. സർക്കാരിന്‍റെ വീഴ്ചകൾ സാധാരണക്കാരായ മലയാളി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുമ്പോൾ, വെറും കാഴ്ചക്കാരായി നോക്കിനിൽക്കാൻ ബിജെപിയും എൻഡിഎ തയ്യാറല്ല.

ഈ വിലവ‍ർദ്ധന ഉടൻ പിൻവലിക്കാൻ സ‍ർക്കാ‍ർ തയ്യാറായില്ലെങ്കിൽ ഇതിനെ ശക്തമായി എതിർക്കും. നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാരിനെക്കൊണ്ട് മറുപടി പറയിക്കുകയും ചെയ്യും. ഉത്പാദനച്ചെലവുകൾ കുറച്ചുകൊണ്ട് കർഷകരെയും ഉപഭോക്താക്കളെയും ഒരേപോലെ സംരക്ഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ജനങ്ങളോട് വ്യക്തമാക്കണം. ഒന്നിനു പുറകെ ഒന്നായി അടിച്ചേൽപ്പിക്കുന്ന വിലക്കയറ്റമല്ല, മലയാളികൾക്ക് ഇപ്പോൾ വേണ്ടത് ആശ്വാസ നടപടികളാണെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം മിൽമ പാലിനും തൈരിനും ഇന്ന് മുതൽ വില കൂടി. പാൽ വില ലിറ്ററിന് നാല് രൂപയും തൈരിന്‌ കിലോഗ്രാമിന് 10 രൂപയുമാണ് വർധിക്കുക. പുതിയ പാക്കറ്റുകൾ വരുന്നത് വരെ പഴയ വില പ്രിന്റ് ചെയ്ത കവറുകളിലായിരിക്കും പാൽ കിട്ടുക. നെയ്യടക്കം മറ്റ് ഉൽപന്നങ്ങൾക്കും വൈകാതെ വില ഉയരും.

മറ്റ് പാൽ ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില ഉയർന്നേക്കും. കർഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വിലവർധന. പാചകവാതകത്തിനും പാൽ ഉത്പന്നങ്ങൾക്കും വില കൂടിയതോടെ ഹോട്ടൽ ഭക്ഷണത്തിന് ഇനിയും ചിലവ് കൂടും. ഹോട്ടൽ ഉടമകളും ആശങ്കയിലാണ്. മഞ്ഞ കവർ പാൽ: 27 രൂപ, നീല കവർ പാൽ: 30 രൂപ, ഓറഞ്ച് കവർ പാൽ: 30 രൂപ, പച്ച കവർ പാൽ: 32 രൂപ, കൗ മിൽക് - ഒരു ലിറ്റർ ബോട്ടിൽ: 75 രൂപ, തൈര് ക്ലാസിക് : 40 രൂപ, തൈര് എലൈറ്റ് : 45 രൂപ എന്നിങ്ങനെയാണ് പുതിയ വില.

Content Highlight: Government should immediately withdraw decision on milk price, says Rajeev Chandrasekhar

#Government #Milk price #Rajeev Chandrasekhar #VDSATHEESAN

Next TV

Top Stories










News Roundup






GCC News