#Latest News #Kozhikode #Naripatta #Harita Karma Sena
കോഴിക്കോട് : ( www.truevisionnews.com) പെൺമനസ്സിൻ്റെ നേരിന് മുന്നിൽ തിളക്കം നഷ്‌ടപ്പെട്ടു പോയെന്ന സങ്കടത്തിൽ ഒരു നിമിഷം പൊന്ന് പോലും പകച്ചു കാണും. നരിപ്പറ്റയിലെ ഹരിത കർമസേന പ്രവർത്തകരുടെ സത്യസന്ധതയ്ക്ക് പൊന്നിനേക്കാൾ പത്തരമാറ്റുള്ള തിളക്കം.
വീടുകളിൽ മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ മോതിരം ഉടമക്ക് തിരിച്ചു നൽകി ഹരിത കർമസേന പ്രവർത്തകർ മാതൃകയായി.
നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ തിനൂർ വാർഡിൽ കൊറോത്ത് കരുണന്റെ വീട്ടിൽ നിന്ന് പഴവസ്തുവായി ശേഖരിച്ച ബാഗിൽ നിന്നാണ് സ്വർണ മോതിരം ലഭിച്ചത്.
കരുണന്റെ ഭാര്യ പുഷ്പയുടെ മോതിരമായിരുന്നു. മോതിരം ശ്രദ്ധയിൽ പെട്ട ഹരിത കർമസേന പ്രവർത്തകരായ കടുക്കാൻകണ്ടി ബീന, റീജ അറയുള്ള പറമ്പത്ത് എന്നിവരാണ് ഉടമക്ക് തിരിച്ചേല്പിച്ചത്. ഇവരുടെ ഈ പ്രവർത്തി നാട്ടുകാരുടെ പ്രശംസി നേടി.
ഹരിത കർമസേന പ്രവർത്തകരുടെ സത്യസന്ധതക്ക് വാർഡ് മെംബർ പി.പി മൊയ്തു അനുമോദനം അറിയിച്ചു. ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. വികസന സമിതി കൺവീനർ വഹാബ് പുതുക്കുടി പങ്കെടുത്തു.
Content Highlight: Content Highlights:- Haritha Karma Sena activists set an example by returning a gold ring found during household waste collection to its owner


































