പത്തനംതിട്ട: (https://truevisionnews.com/) ഇത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. കണ്ണൂര്‍ മുന്‍ എഡിഎമ്മായ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതില്‍ പ്രതികരിച്ച് കുടുംബം. മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും നേരിട്ട് കണ്ടിരുന്നു.
ഇത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് സിബിഐ അന്വേഷണത്തിന് വിടുന്നതില്‍ സന്തോഷവും ആശ്വാസവുമുണ്ട്. മുഖ്യമന്ത്രിയില്‍ നിന്നും ആഭ്യന്തരവകുപ്പ് മന്ത്രിയില്‍ നിന്നും പോസിറ്റീവ് ആയ പ്രതികരണമാണ് ലഭിച്ചത്. വാക്ക് പാലിക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നുവെന്നും മഞ്ജുഷ പ്രതികരിച്ചു.
കുറ്റമറ്റ അന്വേഷണം വേണം എന്നതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പ്രതികരിച്ചു. താല്പര്യങ്ങള്‍ ഇല്ലാത്ത സര്‍ക്കാരും അന്വേഷണസംഘവുമാണ് വേണ്ടതെന്നും തങ്ങളുടെ മുപ്പതിലേറേ സംശയങ്ങള്‍ സിബിഐ അന്വേഷിക്കുമെന്നാണ് കരുതുന്നതെന്ന് പ്രവീണ്‍ പറഞ്ഞു.
നവീന്‍ ബാബുവിന് എതിരെയുള്ള ആരോപണത്തില്‍ ഉയര്‍ന്ന് വന്ന പെട്രോള്‍ പമ്പിന്റെ യഥാര്‍ത്ഥ ഉടമ ആരാണെന്ന് തെളിഞ്ഞിട്ടില്ലെന്നും തളിപ്പറമ്പ് തഹസില്‍ദാര്‍ നല്‍കിയ രേഖ അപ്രത്യക്ഷമായെന്നും പ്രവീണ്‍ ആരോപിക്കുന്നു. കോള്‍ റെക്കോര്‍ഡുകള്‍ മുഴുവന്‍ പരിശോധിച്ചിട്ടില്ല.
പൊലീസ് അന്വേഷണം കാര്യക്ഷമമാണെന്ന് ഇടത് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതിനാലാണ് സിബിഐ അന്വേഷണം സാധ്യമാകാതിരുന്നത്. ആദ്യത്തെ ഒരുമാസം അന്വേഷണം ശരിയായ ദിശയിലാണെന്നാണ് കരുതിയിരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് മനസ്സിലായതെന്നും പ്രവീണ്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രതികളെന്ന് സംശയിക്കുന്നവര്‍ ആരെയൊക്കെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന കാര്യം അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlight: Content Highlights:- Former Kannur ADA Naveen Babu, Naveen Babu's death, family reacts





























