ന്യൂഡൽഹി: ( www.truevisionnews.com ) ഒമാൻ തീരത്ത് ഇന്ത്യൻ പതാകയുള്ള വാണിജ്യ കപ്പലിന് നേരെ ആക്രമണം നടന്നു. ബുധനാഴ്ചയായിരുന്നു സംഭവം. കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ 'അസ്വീകാര്യം' എന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. വാണിജ്യ കപ്പലുകളെയും സാധാരണക്കാരായ നാവികരെയും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങളിൽ മന്ത്രാലയം ശക്തമായ ഖേദം രേഖപ്പെടുത്തി. ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയ ഒമാൻ അധികൃതർക്ക് ഇന്ത്യ നന്ദി അറിയിച്ചു.
കടൽമാർഗ്ഗമുള്ള വാണിജ്യ സ്വാതന്ത്ര്യത്തെയും നാവിക ഗതാഗതത്തെയും തടസ്സപ്പെടുത്തുന്ന നടപടികളിൽ നിന്ന് എല്ലാവരും പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നിരപരാധികളായ കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തികൾ ആവർത്തിക്കരുതെന്നും വാർത്താക്കുറിപ്പിലൂടെ ഇന്ത്യ വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
Indian ship attacked off Oman coast; crew safe
































