കൊച്ചി: (truevisionnews.com) കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശൻ വരണമെന്ന നിലപാടിൽ മുസ്ലിം ലീഗ് ഉറച്ചുനിൽക്കുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ചപ്പോഴും സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് ലീഗ് ആവർത്തിച്ചത്.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ലീഗ് നേതൃത്വത്തിന് കടുത്ത പ്രതിഷേധമുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്ന് രാവിലെ 10 മണിക്ക് പാണക്കാട് അടിയന്തര യോഗം ചേരും. ജനവികാരം സതീശന് അനുകൂലമാണെന്നും ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും ലീഗ് ഹൈക്കമാൻഡിനെ അറിയിച്ചു. തീരുമാനത്തിൽ മാറ്റമുണ്ടായാൽ സ്വീകരിക്കേണ്ട നിലപാടുകൾ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
വയനാട്ടിലും കോഴിക്കോടും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വയനാടിനെ മറന്നേക്കൂ എന്നും കേരളം മറ്റൊരു അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകളിലെ മുന്നറിയിപ്പ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള അവസാനവട്ട ചർച്ചകൾക്ക് ശേഷം ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായേക്കും.
കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരിൽ ആര് വരുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുൻപ് ഘടകകക്ഷികളുമായി രാഹുൽ ഗാന്ധി നേരിട്ട് സംസാരിക്കുമെന്നാണ് സൂചന.
Muslim League stands firm on VD Satheesan as CM
































