തിരുവനന്തപുരം: ( www.truevisionnews.com ) കവടിയാറിൽ അമിതവേഗത്തിലെത്തിയ കാർ നടപ്പാതയിലേക്കും മറ്റു വാഹനങ്ങളിലേക്കും ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മരിച്ചത് നവവധു. മധുവിധു ആഘോഷിക്കാൻ ഭർത്താവിനൊപ്പം എത്തിയ യുവതിയെയാണ് മരണം കവർന്നെടുത്തത്.
നടപ്പാതയിലൂടെ നടന്നു പോകുകയായിരുന്ന പാലക്കാട് സ്വദേശിനി കൊടുവായൂർ കാക്കയൂർറോഡ് പിട്ടുപീടികയിൽ നൗഷിജ (24) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം. നൗഷിജയും ഭർത്താവ് ആഷികും തലസ്ഥാനം കാണാൻ ഇന്നലെ രാവിലെയാണ് പാലക്കാട് നിന്നെത്തിയത്.
കുറവൻകോണം ഭാഗത്തു നിന്ന് കവടിയാറിലേക്ക് പോവുകയായിരുന്ന കാർ സാൽവേഷൻ ആർമി സ്കൂളിനു സമീപമെത്തിയപ്പോൾ നിയന്ത്രണംവിട്ട് നൗഷിജയെയും സംഘത്തെയും ഇടിച്ചു തെറിപ്പിച്ച ശേഷം റോഡിലേക്കിറങ്ങി സ്കൂട്ടറുകളിലും രണ്ടു കാറുകളിലും കൂടി ഇടിച്ചാണ് നിന്നത്.
ഒപ്പമുണ്ടായിരുന്ന ഭർത്താവ് ആഷിക് സാനു (29), നൗഷിജയുടെ ബന്ധു അഷ്മ (25) എന്നിവർ ഉൾപ്പെടെ ആറ് പേർക്ക് പരുക്കേറ്റു. രണ്ട് പേരെ പട്ടത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രി മൾട്ടി സ്പെഷ്യൽറ്റി വിഭാഗത്തിലും പ്രവേശിപ്പിച്ചു.
ആന്തരികാവയവങ്ങൾക്കു ഗുരുതര പരുക്കേറ്റ ആഷിക് സാനുവിനെ പിന്നീട് ആനയറയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പൊൽപുള്ളി വേർകോലി നൗഷാദിന്റെയും ലൈലയുടെയും മകളാണ് നൗഷിജ. മാർച്ച് 28ന് ആയിരുന്നു വിവാഹം. മൃതദേഹം ഇന്നു പൊൽപുള്ളിയിലെ വീട്ടിലെത്തിക്കുമെന്നാണു വിവരം.
Newlywed dies, husband injured in car accident in Kavadiyar

































