---
title: "'പകുതി കൊള്ളാം, മുക്കാൽ കൊള്ളാം'; പേട്രിയറ്റിന് ലഭിക്കുന്ന സമ്മിശ്ര അഭിപ്രായങ്ങളോട് മമ്മൂട്ടിയുടെ പ്രതികരണം"
english_title: "Mammootty's response to the mixed reviews Patriot is receiving"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357004/mammoottys-response-to-the-mixed-reviews-patriot-is-receiving"
published_at: "2026-05-03T12:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6f543951ba_10.jpg"
keywords: []
---

# 'പകുതി കൊള്ളാം, മുക്കാൽ കൊള്ളാം'; പേട്രിയറ്റിന് ലഭിക്കുന്ന സമ്മിശ്ര അഭിപ്രായങ്ങളോട് മമ്മൂട്ടിയുടെ പ്രതികരണം

> **Lead Summary:** **[**തന്റെ ഏറ്റവും പുതിയ ചിത്രമായ 'പേട്രിയറ്റി'ന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മമ്മൂട്ടി. ദുബായ് ദേര സിറ്റി സെന്ററിലെ വോക്സ് സിനിമയിൽ ചിത്രം കാണാനെത്തിയ നൂറുകണക്കിന് ആരാധകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

## Article Content

**[**തന്റെ ഏറ്റവും പുതിയ ചിത്രമായ 'പേട്രിയറ്റി'ന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മമ്മൂട്ടി. ദുബായ് ദേര സിറ്റി സെന്ററിലെ വോക്സ് സിനിമയിൽ ചിത്രം കാണാനെത്തിയ നൂറുകണക്കിന് ആരാധകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ചിത്രം കണ്ടവർക്ക് പലതരത്തിലുള്ള അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പകുതി കൊള്ളാമെന്നും മുക്കാൽ കൊള്ളാമെന്നും തുടങ്ങി സിനിമയുടെ പല ഭാഗങ്ങളെക്കുറിച്ചും പലർക്കും പല കാഴ്ചപ്പാടുകളാകും ഉണ്ടാവുകയെന്നും, ഈ അഭിപ്രായങ്ങൾ കേട്ടാണ് പലരും വരുന്നത് എങ്കിലും ഒടുവിൽ ഓരോ പ്രേക്ഷകനും സ്വന്തമായ ഒരു അഭിപ്രായം രൂപപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾ വർധിക്കുന്ന കാലത്ത് അത് നൽകുന്ന മുന്നറിയിപ്പാണ് ഈ സിനിമയെന്ന് മമ്മൂട്ടി ഓർമ്മിപ്പിച്ചു. എല്ലാവർക്കും ആസ്വദിക്കാൻ വേണ്ടിയാണ് ചിത്രം നിർമ്മിച്ചതെന്നും താൻ കാണാത്ത ഒരു വിഷയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ചിലർ ഇത് മുൻപ് കണ്ട വിഷയമാണെന്ന് പറയുന്നുണ്ടെങ്കിൽ അവരുടെ അതിശയിപ്പിക്കുന്ന കാഴ്ചപ്പാടുകളെക്കുറിച്ച് ഒന്നും പറയാനില്ലെന്ന രസകരമായ പരാമർശവും അദ്ദേഹം നടത്തി. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എന്തും നോക്കാനും പറയാനും അധികാരം ഉണ്ടെന്ന ചിന്താഗതിക്കെതിരെയുള്ള കൃത്യമായ സൂചനയാണ് സിനിമ നൽകുന്നതെന്നും മമ്മൂട്ടി വ്യക്തമാക്കി.

പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന വലിയ പ്രത്യേകതയോടെ എത്തിയ 'പേട്രിയറ്റ്' ബോക്സ് ഓഫീസിൽ തരംഗമായി മാറുകയാണ്. ആദ്യ ദിനം ആഗോളതലത്തിൽ 29.1 കോടി രൂപ നേടിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഓപ്പണിംഗ് എന്ന റെക്കോർഡും സ്വന്തമാക്കി.

വലിയ താരനിര ഉണ്ടായിരുന്നിട്ടും അവരെ ആഘോഷമാക്കുന്നതിന് പകരം കഥാപാത്രങ്ങളായി ശ്രദ്ധാപൂർവ്വം അവതരിപ്പിച്ച സംവിധായകൻ മഹേഷ് നാരായണന്റെ ശൈലിയാണ് ചിത്രത്തിന് പുതുമ നൽകുന്നത്.

മമ്മൂട്ടിയുടെ വാക്കുകൾ കൂടി എത്തിയതോടെ വരും ദിവസങ്ങളിലും തിയേറ്ററുകളിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്ന ഉറപ്പിലാണ് അണിയറപ്രവർത്തകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/357004/mammoottys-response-to-the-mixed-reviews-patriot-is-receiving)