കോഴിക്കോട് : ( www.truevisionnews.com) പഴയൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ... അതിലുണ്ട് വർഷങ്ങൾക്ക് മുൻപ് എടച്ചേരിയെ വിറപ്പിച്ച ഒരു കൊലയാളിയുടെ മുഖം.
25 വർഷത്തെ ഒളിച്ചോട്ടം, മറ്റൊരു വിവാഹം, മൂന്ന് മക്കൾ, മത്സ്യവിൽപ്പനക്കാരന്റെ വേഷം... പക്ഷേ, ജമീലയുടെ ചോരയുടെ മണം ഹമീദിനെ വിട്ടുപോയില്ല.
എടച്ചേരിയെ നടുക്കിയ കൊലപാതക കേസ്, 2001 സെപ്തംബർ 8ന് രാവിലെയാണ് ജമീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്നായിരുന്നു പ്രാഥമികനിഗമനം. എന്നാൽ ജമീലയുടെ ഉമ്മ മറിയം മോളെ കൊന്നതാണെന്ന് വിളിച്ചുപറയുകയായിരുന്നു.
''എന്റെ മോളെ കൊന്നതാ, അവള് മരിച്ചതല്ല.... '' ജമീലയുടെ ചേതനയറ്റ ശരീരം കണ്ട് അന്ന് ആ ഉമ്മ നിലവിളിച്ച് കരഞ്ഞു.
അത് വെറുമൊരു ഉമ്മയുടെ തോന്നലായിരുന്നില്ല, മറിച്ച് ഒരു കൊലയാളിയുടെ ക്രൂരതയ്ക്കുള്ള ഉറച്ച സാക്ഷ്യമായിരുന്നു. പിന്നീട് ഡോക്ടർമാരുടെ പരിശോധനയിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കൊലപാതകമാണെന്ന് തെളിഞ്ഞു.
നിസ്കാരത്തിനിടയിൽ ജമീലയെ പിറകിൽനിന്ന് തലയ്ക്കടിച്ചു വീഴ്ത്തിയശേഷം തുണികൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഭാര്യയെ കൊന്നശേഷം രണ്ടര പതിറ്റാണ്ട് കാലം പോലീസിന്റെയും നിയമത്തിന്റെയും കണ്ണ് വെട്ടിച്ച് പ്രതി നടത്തിയ ഒളിവ്ജീവിതം.
എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം കാസർഗോഡ് ആദൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ എടച്ചേരി പൊലീസ് അതിസാഹസികമായാണ് പിടികൂടിയത്.
പ്രതിയുടെ ഫോട്ടോ കേന്ദ്രീകരിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും എടച്ചേരി പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലിസ് പിടികൂടിയത്.
കൊലപാതകത്തിന് ശേഷം നാടുവിട്ട ഹമീദ് കാസർഗോഡ് ആദൂരിൽ ആർക്കും സംശയം തോന്നാത്ത വിധം ഒരു സാധാരണ മത്സ്യവിൽപ്പനക്കാരനായി ജീവിക്കുകയായിരുന്നു.
അവിടെ രണ്ടാമതൊരു വിവാഹം കഴിച്ച് മൂന്ന് കുട്ടികളുമായി കഴിഞ്ഞിരുന്ന ഇയാളെ പഴയ ഫോട്ടോകളും സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള നീക്കങ്ങളുമാണ് കുടുക്കിയത്.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും എടച്ചേരി പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് 'മത്സ്യവിൽപ്പനക്കാരനായ' ഹമീദ് തന്നെയാണു എടച്ചേരിയിലെ കൊലപാതകിയെന്ന് സ്ഥിരീകരിച്ചത്. പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി.
Edachery Jameela's murder, accused Hameed arrested 25-years


































