തിരുവനന്തപുരം: ( www.truevisionnews.com ) നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങി.
പത്ത് വർഷം നീണ്ട ഭരണത്തിന് വിടചൊല്ലി തലസ്ഥാനം വിടുന്നതിന് മുന്നോടിയായി വിവിധ വകുപ്പ് മേധാവികളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി അദ്ദേഹം നന്ദി അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ എല്ലാ വകുപ്പ് അധ്യക്ഷന്മാരെയും നേരിൽ കണ്ട് സഹകരണത്തിന് കൃതജ്ഞത രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം യാത്ര തിരിച്ചത്.
'വീണ്ടും കാണാം' എന്ന ആത്മവിശ്വാസത്തോടെയാണ് ഉദ്യോഗസ്ഥരോട് അദ്ദേഹം യാത്ര പറഞ്ഞത്. തൊഴിലാളി ദിനമായതിനാൽ ഉച്ചവരെ തലസ്ഥാനത്തുണ്ടായിരുന്നെങ്കിലും അദ്ദേഹം സെക്രട്ടറിയേറ്റിൽ എത്തിയിരുന്നില്ല.
ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ എക്സിറ്റ് പോളും കടന്ന് കേരളം ഫലപ്രഖ്യാപനത്തിന്റെ പടിവാതിൽക്കലെത്തി. കേരളത്തിന്റെ രാഷ്ട്രീയ തലവിധി എന്താണെന്നറിയാൻ ഇനി 72 മണിക്കൂർ മാത്രം. വോട്ടെണ്ണലിനുള്ള ഒരുക്കം വരണാധികാരികളുടെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞു.
പോളിങ് ബൂത്തുകളിലെ നീണ്ട നിരയിലും നിശബ്ദ അടിയൊഴുക്കുകളിലും ആരുടെ തളർച്ചയും പടർച്ചയുമാണെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചെന്ന് യു.ഡി.എഫ് അടിവരയിടുമ്പോൾ അങ്ങനെയൊന്ന് എവിടെയും പ്രകടമായിരുന്നില്ലെന്ന് അവസാന നിമിഷങ്ങളിലും എൽ.ഡി.എഫ് വിലയിരുത്തുന്നു.
Assembly election vote counting, Chief Minister returns to his hometown from Cliff House



























