---
title: "മിത്തോളജിയും എഐ സാങ്കേതികതയും ഒന്നിക്കുന്നു; 'മണികണ്ഠൻ' മെയ് 29ന് തീയറ്ററുകളിലേക്ക്"
english_title: "'Manikanthan' to hit theaters on May 29th"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356647/manikanthan-to-hit-theaters-on-may-29th"
published_at: "2026-05-01T15:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f47cf6a133a_17.jpg"
keywords: []
---

# മിത്തോളജിയും എഐ സാങ്കേതികതയും ഒന്നിക്കുന്നു; 'മണികണ്ഠൻ' മെയ് 29ന് തീയറ്ററുകളിലേക്ക്

> **Lead Summary:** **[**മലയാള സിനിമയിൽ സാങ്കേതിക വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് കൃത്രിമബുദ്ധി ഉപയോഗിച്ച് നിർമ്മിക്കുന്ന മിത്തോളജിക്കൽ ആക്ഷൻ ത്രില്ലർ 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' റിലീസിന് ഒരുങ്ങുന്നു.

## Article Content

**[**മലയാള സിനിമയിൽ സാങ്കേതിക വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് കൃത്രിമബുദ്ധി ഉപയോഗിച്ച് നിർമ്മിക്കുന്ന മിത്തോളജിക്കൽ ആക്ഷൻ ത്രില്ലർ 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' റിലീസിന് ഒരുങ്ങുന്നു.

പാപ്പരാസി എന്റർടെയ്ൻമെന്റ് കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം പൗരാണിക വിശ്വാസങ്ങളെയും ആധുനിക കാലത്തെയും കോർത്തിണക്കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ, പ്രകൃതിദുരന്തത്തിൽ അനാഥനായ ഒരു ബാലന്റെ അതിജീവനവും തുടർന്നുണ്ടാകുന്ന നാടകീയമായ സംഭവവികാസങ്ങളുമാണ് ദൃശ്യവൽക്കരിക്കുന്നത്.

വിശ്വാസത്തിനും പ്രതികാരത്തിനുമിടയിലൂടെ സഞ്ചരിക്കുന്ന ഒരു യുവാവിന്റെ പോരാട്ടവും ഇന്ത്യൻ പുരാണങ്ങളിലെ ദാർശനിക സത്യങ്ങളും സംയോജിപ്പിക്കുന്ന ഒരു സിനിമയാണിതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

ആധുനിക ലോകത്തെ സ്ത്രീസുരക്ഷ, മാനവികതയുടെ പരിണാമം തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങളും ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്. തിരക്കഥ മുതൽ വിഷ്വൽ ഡിസൈൻ വരെയുള്ള സിനിമയുടെ ഓരോ ഘട്ടത്തിലും എഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ പ്രോജക്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.

നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെയ് 3-ന് വൈകുന്നേരം എറണാകുളം വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ വെച്ച് പുറത്തിറക്കും.

രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിന് ശേഷം മെയ് 29-ന് ചിത്രം അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. പൗരാണിക ബിംബങ്ങളെ ആധുനിക കാലഘട്ടത്തിലേക്ക് പറിച്ചുനടുന്ന ഈ ചിത്രം മലയാളികൾക്ക് വേറിട്ടൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/356647/manikanthan-to-hit-theaters-on-may-29th)