---
title: "'അമ്മ കിടന്ന ഇടം ഇന്നും ഒഴിച്ചിടാറുണ്ട്'; തീരാനോവായി കുളപ്പുള്ളി ലീലയുടെ വാക്കുകൾ"
english_title: "The words of Kulappulli Leela, the one who is the most beautiful"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356643/the-words-of-kulappulli-leela-the-one-who-is-the-most-beautiful"
published_at: "2026-05-01T15:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4794f89f24_16.jpg"
keywords: []
---

# 'അമ്മ കിടന്ന ഇടം ഇന്നും ഒഴിച്ചിടാറുണ്ട്'; തീരാനോവായി കുളപ്പുള്ളി ലീലയുടെ വാക്കുകൾ

> **Lead Summary:** **[**മലയാള സിനിമയിൽ തനതായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കുളപ്പുള്ളി ലീലയുടെ വിങ്ങുന്ന വാക്കുകൾ ആരാധകരുടെ കണ്ണ് നിറയ്ക്കുന്നു.

## Article Content

**[**മലയാള സിനിമയിൽ തനതായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കുളപ്പുള്ളി ലീലയുടെ വിങ്ങുന്ന വാക്കുകൾ ആരാധകരുടെ കണ്ണ് നിറയ്ക്കുന്നു.

വർഷങ്ങളായി സ്‌ക്രീനിൽ ചിരി പടർത്തുന്ന ലീല, തന്റെ അമ്മയുടെ വേർപാടിൽ ഇന്നും മനംനൊന്ത് കഴിയുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലൂടെ പുറത്തുവരുന്നത്.

രണ്ട് വർഷം മുൻപ് വിടപറഞ്ഞ തന്റെ അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുമ്പോൾ ലീലയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. മക്കളും ഭർത്താവും നേരത്തെ നഷ്ടപ്പെട്ട തനിക്ക് അമ്മ മാത്രമായിരുന്നു ഏക ആശ്രയമെന്ന് ലീല പറയുന്നു.

ഒന്നിനുപിറകെ ഒന്നായുണ്ടായ വേർപാടുകൾ വിധിയായി കണക്കാക്കാമെങ്കിലും അമ്മയുടെ വിയോഗം ഇന്നും തനിക്ക് ഉൾക്കൊള്ളാനായിട്ടില്ലെന്ന് അവർ വെളിപ്പെടുത്തി. തന്റെ സങ്കടങ്ങൾ മറ്റൊരാൾക്ക് മുന്നിൽ പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടാത്ത സ്വഭാവമാണെന്നും, പട്ടിണി കിടന്നാലും അത് പുറംലോകത്തെ അറിയിക്കാതെ ജീവിക്കുന്ന താൻ അമ്മയെക്കുറിച്ചുള്ള ഓർമ്മകളിൽ നിയന്ത്രണം വിട്ടുപോയതാണെന്നും അവർ വികാരാധീനയായി കൂട്ടിച്ചേർത്തു.

ഇന്നും ഉറങ്ങുമ്പോൾ അമ്മ കിടക്കാറുള്ള സ്ഥലം ഒഴിച്ചിടാറാണ് പതിവെന്നും ആ ശൂന്യത തന്നെ വല്ലാതെ വേട്ടയാടുന്നുണ്ടെന്നും താരം പങ്കുവെച്ചു. ലീലയുടെ വാക്കുകൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കുന്നത്.

പ്രിയനടിയുടെ സങ്കടത്തിൽ പങ്കുചേരുന്നതായും കൂടെയുണ്ടെന്നും അറിയിച്ച് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. 2024 ജൂലൈയിലായിരുന്നു ലീലയുടെ അമ്മ മരിച്ചത്. അമ്മയോടുള്ള ലീലയുടെ ആഴത്തിലുള്ള സ്നേഹവും ഇന്നും മാറാത്ത ആ വേദനയും മലയാളികൾക്ക് വലിയൊരു നൊമ്പരമായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/356643/the-words-of-kulappulli-leela-the-one-who-is-the-most-beautiful)