Apr 28, 2026 08:46 PM

തിരുവനന്തപുരം: ( www.truevisionnews.com ) സ്വയം നിയന്ത്രണത്തിന് ഉപഭോക്താക്കളോട് അഭ്യ‍ർത്ഥിച്ച് കെ എസ് ഇ ബി. ഇതിനായി പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളും കെ എസ് ഇ ബി മുന്നോട്ട് വെച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗത്തിലുണ്ടായ അപ്രതീക്ഷിത വർദ്ധനവും ലഭ്യതയിലുണ്ടാകുന്ന കുറവും വിലയിരുത്തുന്നതിനും പ്രതിസന്ധി നേരിടുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്യുന്നതിനുമായി ചേർ‌ന്ന ഉന്നതതലയോ​ഗ തീരുമാനം അറിയിച്ചുള്ള വാർത്താക്കുറിപ്പിലാണ് കെഎസ്ഇബി നിർദ്ദേശം.

വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയർന്നാൽ പ്രസരണ വിതരണ ശൃംഖലയിലുണ്ടാകുന്ന കനത്ത സമ്മർദ്ദം കാരണം ഗുരുതരവും അപരിഹാര്യവുമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിരൂക്ഷമായ സ്ഥിതിഗതികൾ ഉണ്ടാവുന്ന ഘട്ടങ്ങളിൽ, ഗ്രിഡ് സ്ഥിരതയ്ക്കായി വൈകുന്നേരം 6 മുതൽ രാത്രി 12 വരെ 30 മിനിറ്റിൽ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ ചീഫ് എഞ്ചിനീയർക്ക് ഉന്നതതല യോഗം അനുമതി നൽകുകയും ചെയ്തു.

സ്ഥിതിഗതികൾ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഓരോ ദിവസവും വിലയിരുത്തുമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. വൈദ്യുതിയുടെ ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിന് എനെർജി മാനേജ്മെന്റ് സെന്ററിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചതായും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.

വൈദ്യുതി വാഹന ചാർജിംഗ് വൈകുന്നേരം 6 മുതൽ രാത്രി 12 വരെ പൂർണ്ണമായി ഒഴിവാക്കി, പകൽ സമയത്തേക്ക് ക്രമീകരിക്കണമെന്നാണ് കെഎസ്ഇബിയുടെ പ്രധാന നിർദ്ദേശം. നിലവിലെ സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ എസിയുടെ ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാൽ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താൻ കഴിയും.

ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് ആരോഗ്യകരമാണ് എന്നു മാത്രമല്ല വലിയതോതിൽ വൈദ്യുതി ലാഭിക്കാനുമാകും. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കാനും കഴിയുമെന്നും കെഎസ്ഇബി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗവും ഈ സമയത്ത് പരമാവധി ഒഴിവാക്കണമെന്നും കെഎസ്ഇബി നി‍ർദ്ദേശിക്കുന്നുണ്ട്.

വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും വൈകുന്നേരം 6 മണി മുതൽ 12 മണിവരെയുള്ള സമയത്ത് ഒഴിവാക്കണമെന്നും അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കണമെന്നും കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

വേനൽ കാലത്ത് അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രവചിക്കപ്പെട്ടിരുന്നതെന്നും എന്നാൽ ഇത് 41 ഡിഗ്രിവരെ കൂടിയതാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതിന് കാരണമെന്നും കെഎസ്ഇബി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 27-ന് സർവ്വകാല റെക്കോർഡായ 118.26 ദശലക്ഷം യൂണിറ്റിലേക്ക് എത്തി.

വൈകുന്നേരം 6-നു ശേഷമുള്ള വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് ഉയർന്നു. ഏപ്രിൽ 23-ന് രാത്രി 10:30-ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ ആവശ്യകത കൂടുകയുണ്ടായി എന്നും പത്രക്കുറിപ്പിലൂടെ കെഎസ്ഇബി വിശദീകരിച്ചിട്ടുണ്ട്. രാജ്യത്താകെ വ്യാപിച്ചിരിക്കുന്ന ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ വിപണിയിൽ വൈദ്യുതിലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ആവശ്യകതയുടെ 70 ശതമാനത്തിലേറെയും വൈദ്യുതി പുറത്തുനിന്നും വാങ്ങുന്ന സംസ്ഥാനമെന്ന നിലയിൽ ഇത് പ്രതിസന്ധിയാകുന്നതായി യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ ഉണ്ടായിരുന്ന 200 മെഗാവാട്ടിന്റെ കുറവ് ഇന്ന് (28.04.2026) വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.

വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളർച്ചാ നിരക്ക് പരിശോധിച്ചാൽ പ്രതിവർഷം ഉണ്ടാകുന്ന ശരാശരി വർദ്ധനയെക്കൾ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്.

വൈകീട്ട് 6 മണിക്കുശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും എസിയുടെ ഉപയോഗവും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ പാചകത്തെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാൻ കാരണമായത് എന്നാണ് മനസ്സിലാകുന്നത്. എന്നാൽ, രാത്രി 9.30 നുശേഷം അർദ്ധരാത്രി 12 വരെയുള്ള സമയത്തിനിടെ ചില അവസരങ്ങളിൽ മാത്രമാണ് ഉപയോഗം ക്രമാതീതമായി ഉയരുന്നതെന്നും പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ ഉത്തരവാദിത്ത- ത്തോടെയുള്ള ഊർജ്ജവിനിയോഗം വഴി ഈ പ്രതിസന്ധി തരണം ചെയ്യാൻ കഴിയുമെന്നും യോഗം വിലയിരുത്തിയതായി കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.

ഊർജ്ജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐ എ എസിൻ്റെ അധ്യക്ഷതയിലാണ് യോ​ഗം ചേർന്നത്. കെഎസ്ഇബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ മിൻഹാജ് ആലം ഐ എ എസ്, ഡയറക്ടർമാർ, ചീഫ് എഞ്ചിനീയർമാർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ ഉന്നതല യോ​ഗത്തിൽ പങ്കെടുത്തു.


kseb urges self regulation peak hour electricity usage kerala

Next TV

Top Stories










News Roundup