തൃശൂര്‍: ( www.truevisionnews.com ) മുണ്ടത്തിക്കോട് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ചിലത് വെട്ടിക്കുറച്ചെങ്കിലും മേളപ്പെരുക്കത്തില്‍ പിന്നോട്ടില്ലാതെ പൂരനഗരി. പൂരത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കുടമാറ്റം വര്‍ണാഭമായി നടക്കുകയാണ്.
ഇരുവശങ്ങളിലായി അണിനിരന്ന പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ ഒന്നിനൊന്ന് കിടപിടിക്കുന്ന മനോഹരമായ കുടകള്‍ ഒന്നിനു പിറകെ ഒന്നായി വാനിലേക്കുയര്‍ത്തിയപ്പോള്‍ പൂരനഗരിയില്‍ ആവേശം അലയടിച്ചു.
നേരത്തെ പൂരപ്രേമികളിൽ ആവേശം നിറച്ച് ഇലഞ്ഞിത്തറമേളം പൂർത്തിയാക്കിയിരുന്നു. പിന്നാലെ തെക്കോട്ടിറക്കത്തിന് ശേഷമാണ് കുടമാറ്റം ആരംഭിച്ചത്.
പൂരത്തിന്റെ ആദ്യഘടകപൂരമായ കണിമംഗലം ശാസ്താവ് പുലര്‍ച്ചെ വടക്കുന്നാഥനെ വണങ്ങാന്‍ എത്തിയതോടെ പൂരത്തിന്റെ വരവുകള്‍ക്ക് തുടക്കമാകുകയായിരുന്നു. പുലര്‍ച്ചെ മുതല്‍ വിവിധ സമയങ്ങളിലായി എട്ട് ഘടക പൂരങ്ങളാണ് വടക്കുംന്നാഥ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നത്. മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന്റെ താളം പിടിക്കാനെത്തിയവരെയും പാറമേക്കാവിന്റെ മേളം കേള്‍ക്കാനെത്തിയവരെയും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു പൂരനഗരി.
11 മണിക്ക് ശേഷമാണ് തിരുവമ്പാടിയുടെ മഠത്തില്‍ രംഗപ്രവേശനം നടത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാരംഭിച്ച ഇലഞ്ഞിത്തറമേളക്ക് അല്‍പ്പസമയത്തിന് മുന്‍പാണ് തിരശ്ശീല വീണത്. വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കി, പ്രതീകാത്മകമായ കതിന പൊട്ടിച്ചുകൊണ്ടാണ് ഇത്തവണത്തെ പൂരം. നാളത്തെ പകല്‍പൂരം കഴിഞ്ഞ് ഉച്ചയോടെ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലുന്നതോടെ പൂരച്ചടങ്ങുകള്‍ക്ക് അവസാനമാകും.
thirssur pooram 2026 kudamattam and ilanjithara melam-




























