---
title: "'നടന്മാർ ജോലി ചെയ്താൽ മതി, സിനിമ സംവിധായകന്റേതാണ്'; മാളികപ്പുറം വിവാദത്തിൽ ബി. ഉണ്ണികൃഷ്ണൻ"
english_title: "'Actors just have to work, the film belongs to the director'; B. Unnikrishnan on the Malikappuram controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355321/actors-just-have-to-work-the-film-belongs-to-the-director-b-unnikrishnan-on-the-malikappuram-controversy"
published_at: "2026-04-25T11:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec565876d5a_B.jpg"
keywords: []
---

# 'നടന്മാർ ജോലി ചെയ്താൽ മതി, സിനിമ സംവിധായകന്റേതാണ്'; മാളികപ്പുറം വിവാദത്തിൽ ബി. ഉണ്ണികൃഷ്ണൻ

> **Lead Summary:** 'മാളികപ്പുറം' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. സിനിമയുടെ ക്രെഡിറ്റുമായി ബന്ധപ്പെട്ട് നിർമ്മാതാവ് മുരളി കുന്നുംപുറത്ത് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഉണ്ണികൃഷ്ണന്റെ നിലപാട്.

## Article Content

'മാളികപ്പുറം' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. സിനിമയുടെ ക്രെഡിറ്റുമായി ബന്ധപ്പെട്ട് നിർമ്മാതാവ് മുരളി കുന്നുംപുറത്ത് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഉണ്ണികൃഷ്ണന്റെ നിലപാട്.

നടന്മാർ അവരുടെ ജോലി ചെയ്താൽ മതിയെന്നും സിനിമ സൃഷ്ടിക്കുന്നത് സംവിധായകനും സാങ്കേതിക പ്രവർത്തകരുമാണെന്നും അദ്ദേഹം പറഞ്ഞു. മാളികപ്പുറം സംവിധാനം ചെയ്തത് വിഷ്ണു ശശിശങ്കർ അല്ലെന്നും നടൻ ഉണ്ണി മുകുന്ദനാണെന്നുമുള്ള നിർമ്മാതാവിന്റെ പരാമർശം വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് സംവിധായകന്റെ റോളിനെ ഉയർത്തിപ്പിടിച്ച് ബി. ഉണ്ണികൃഷ്ണൻ രംഗത്തെത്തിയത്.

> "പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സംസാരിച്ചു. ഞങ്ങളുടെ അംഗങ്ങള്‍ അതിന്റെ ചെലവ് കണക്ക് ബോധിപ്പിച്ചിട്ടുണ്ട്. വൈകാരികമായിട്ടുള്ള അന്തരീക്ഷത്തില്‍ നമ്മളായിട്ട് അഭിപ്രായം പറയുന്നതില്‍ സാംഗത്യമില്ലാത്തതുകൊണ്ട് പ്രതികരിക്കുന്നില്ല. സിനിമ സംവിധാനം ചെയ്ത ഒരു നടനാണെന്നൊക്കെ പറയുന്നത് വളരെ മോശം കാര്യമാണ്. നടന്മാരുടെ നിര്‍ദ്ദേശം അനുസരിച്ച് എഡിറ്റ് ചെയ്ത് ഒരു വഴിയാകുന്നുവെന്ന് എഡിറ്റര്‍മാര്‍ പറയുന്നുണ്ട്. അത് പരാതിയായി ലഭിച്ചിട്ടുണ്ട്. ആരോടും കലഹത്തിന് പോകാനൊന്നും താല്പര്യമില്ല. സിനിമ ഉണ്ടാക്കിയെടുക്കുന്നത് സംവിധായകനും സംവിധായകനോടൊപ്പമുള്ള സാങ്കേതിക പ്രവര്‍ത്തകരുമാണ്. നടന്മാര്‍ അവരുടെ ജോലി ചെയ്താല്‍ മതി. ഒരു നടനും മലയാളത്തില്‍ ഗോസ്റ്റ് ഡയറക്ട് ചെയ്യാനായിട്ട് ശ്രമിച്ചിട്ടുമില്ല, അങ്ങനെ ശ്രമിച്ചാല്‍ അത് നടക്കുന്ന കാര്യവുമല്ല." ബി ഉണ്ണികൃഷ്ണൻ പറയുന്നു.

നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ 2 കോടി രൂപയുടെ നഷ്ടം വന്നുവെന്നും, സുമതി വളവ് എന്ന ചിത്രം കാരണം 7 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും മുരളി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുരളിയുടെ ആരോപണഗങ്ങൾ നിഷേധിച്ചുകൊണ്ട് സംവിധായകൻ വിഷ്ണു ശശിശങ്കറും എഴുത്തുകാരൻ അഭിലാഷ് പിള്ളയും രംഗത്തുവന്നിരുന്നു.

തനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയ വ്യക്തിയാണ് ഉണ്ണി മുകുന്ദനെന്നും ഒരു അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് ഇപ്പോൾ നടക്കുന്ന വിവാദങ്ങളെന്നും ഇതിനെല്ലാം പിന്നിൽ ഉണ്ണി മുകുന്ദൻ ഉണ്ടെന്ന് തനിക്ക് സംശയമുണ്ടെന്നും വിഷ്ണു ശശിശങ്കർ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/355321/actors-just-have-to-work-the-film-belongs-to-the-director-b-unnikrishnan-on-the-malikappuram-controversy)