തൃശ്ശൂർ: (truevisionnews.com) മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടന സമയത്ത് മുപ്പതിൽ താഴെ ആളുകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്ന് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിൽസൺ വെളിപ്പെടുത്തി.
വെടിപ്പുരയിൽ അളവിൽ കൂടുതൽ മരുന്നുകൾ ഉണ്ടായിരുന്നില്ലെന്നും കഠിനമായ ചൂടാകാം അപകടത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന സ്ത്രീകളെയെല്ലാം രക്ഷപ്പെടുത്താൻ സാധിച്ചുവെന്നും കാലിന് അസുഖമുള്ളതിനാൽ ലൈസൻസി സതീശന് ഓടിമാറാൻ കഴിഞ്ഞില്ലെന്നും 48 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിൽസൺ കൂട്ടിച്ചേർത്തു.
മക്കളുടെ നിർബന്ധം മൂലം ഇനി ഈ പണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ വൈകിട്ട് മൂന്നരയോടെ നടന്ന സ്ഫോടനത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. നിലവിൽ 11 പേർ ചികിത്സയിലുണ്ട്, ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
ഇതിനിടെ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തൃശ്ശൂരിൽ വേഗത്തിൽ പുരോഗമിക്കുന്നു. 5 മൃതദേഹങ്ങളും 11 ശരീരഭാഗങ്ങളും ഇതിനകം പോസ്റ്റ്മോർട്ടം ചെയ്തതായും തിരിച്ചറിയാനാകാത്ത അവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി അയക്കുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു.
അപകടത്തിൽപ്പെട്ടവർക്കുള്ള ധനസഹായം സംബന്ധിച്ച കാര്യത്തിൽ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ നിന്നുള്ള വിദഗ്ധ സംഘം പരിശോധനകൾക്കായി ഇതിനോടകം സ്ഥലത്തെത്തിയിട്ടുണ്ട്.
Wilson, who escaped, said the extreme heat could have been the cause of the accident.
































