കൊച്ചി: (https://truevisionnews.com/) ഭൂട്ടാൻ വാഹനക്കടത്തിൽ അസമിലെ ബോങ്യാഹോവോണിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ദീപക് പഠോവരിക്ക് ജാമ്യമില്ല. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മാർച്ച് 13ന് മുമ്പ് കോടതിയിൽ കീഴടങ്ങാൻ ഇയാൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഇയാൾ കീഴടങ്ങാതെ ജാമ്യാപേക്ഷ നൽകാാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
അസമിൽ നിന്നും അറസ്റ്റിലായതിന് പിന്നാലെ ഇയാൾക്ക് മുമ്പ് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. വ്യാജ രേഖകൾ ഉണ്ടാക്കി 36 വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയെന്നാണ് ഇയാൾക്ക് എതിരെയുള്ള കണ്ടെത്തൽ.
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ ഓപ്പറേഷൻ നുംഖോറിൽ മുഖ്യസൂത്രധാരനെന്നു കരുതുന്ന ബംഗാളിലെ ജയ്ഗാവോൺ സ്വദേശിയായ ബിശ്വദീപ് ദാസ് ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. അസമിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ദീപക് പഠോവരി ഉൾപ്പെടെ നാലു പേരെയും കൊച്ചി കസ്റ്റംസ് ഷില്ലോങ് കസ്റ്റംസിന്റെയും സശസ്ത്ര സീമാ ബെല്ലിന്റെയും സഹായതത്തോടെ അറസ്റ്റ് ചെയ്തിരുന്നു.
കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് ഓപ്പറേഷൻ നുംഖോറിന് തുടക്കം കുറിച്ചത്. ഭൂട്ടാനിൽ നിന്ന് വിദേശ നിർമിത സെക്കൻഡ് ഹാൻഡ് ആഡംബര കാറുകളും മറ്റും അനധികൃതമായി ഇന്ത്യയിലെത്തിച്ച് വിവിധ സംസ്ഥാനങ്ങളിൽ വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ നടത്തി വിവിധ സംസ്ഥാനങ്ങളിൽ വിൽക്കുന്ന സംഭവമാണ് കസ്റ്റംസ് അന്വേഷിച്ചത്.
Bhutan vehicle smuggling; Assam transport officer denied bail

































