കണ്ണൂർ/ തിരുവനന്തപുരം: (https://truevisionnews.com/) കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് നിതിൻ രാജിന്റെ മരണം വകുപ്പ് മേധാവിക്കെതിരെ ഗുരുതരാരോപണങ്ങളുമായി വിദ്യാർത്ഥികൾ. ക്ലാസിൽ വെച്ച് നിതിനെതിരെ വകുപ്പ് മേധാവി നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു.
പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുമെന്നും പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചും ഇന്റേർണൽ മാർക്ക് കുറച്ച് പ്രതികാരം തീര്‍ക്കുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. നേരത്തെ വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോ. എം കെ റാം സസ്പെൻഷൻ നേരിട്ടിരുന്നു. ഡോക്ടറാവുക എന്നതായിരുന്നു നിതിന്റെ സ്വപ്നമെന്ന് കൂട്ടുകാർ പറയുന്നു. അതിന് വേണ്ടി കഠിനമായി പരിശ്രമിച്ചിരുനെന്നും നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും കൂട്ടുകാർ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഡെന്റൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് 23 കാരനായ നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തിൽ ഉടൻ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നും കുടുംബം പരാതി ഉന്നയിക്കുന്നുണ്ട്.
മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ.സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കോളേജ് അധികൃതർ നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നുവെന്ന് നിതിന്റെ മൂത്ത സഹോദരിയുടെ ഭർത്താവ് അശോക് കുമാർ പറയുന്നു. ക്ലാസ് മുറിയിൽ വെച്ച് തെരുവ് പട്ടിയെന്ന് വിളിച്ച് എച്ച്ഒഡി അധിക്ഷേപിച്ചുവെന്നും അശോക് കുമാർ ആരോപിക്കുന്നു.
ശാരീരികമായും മാനസികമായും നിതിന്‍ പീഡിപ്പിച്ചിരുന്നു. ജീവനൊടുക്കേണ്ട സാഹചര്യമില്ല. വീട്ടിലേക്ക് വരുമെന്ന് പറഞ്ഞയാളാണ്. നിതിൻ സന്തോഷവാനായിരുന്നുവെന്നും എന്തോ സംഭവിച്ചിട്ടുണ്ടെന്നും കുടുംബം സംശയം ഉന്നയിക്കുന്നു. നിതിന്‍റെ മരണത്തില്‍ ഡിജിപിക്ക് പരാതി നൽകുമെന്നും കുടുംബം അറിയിച്ചു. തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.
Dental College Nithin Raj's death, students make serious allegations against the department head.

































