---
title: " ഹൃദയാഘാതം: ഗായിക ആശാ ഭോസ്ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു"
english_title: "Heart attack: Singer Asha Bhosle admitted to hospital"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352933/heart-attack-singer-asha-bhosle-admitted-to-hospital"
published_at: "2026-04-11T22:18:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da7b938b5cf_singer.jpg"
keywords: []
---

#  ഹൃദയാഘാതം: ഗായിക ആശാ ഭോസ്ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

> **Lead Summary:** ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മുതിർന്ന പിന്നണി ഗായിക ആശാ ഭോസ്‌ലേയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഡോ. പ്രതീത് സാംദാനി അറിയിച്ചതാണ് ഇക്കാര്യം. ആശാ ഭോസ്‌ലേ നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ്.

## Article Content

ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മുതിർന്ന പിന്നണി ഗായിക ആശാ ഭോസ്‌ലേയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഡോ. പ്രതീത് സാംദാനി അറിയിച്ചതാണ് ഇക്കാര്യം. ആശാ ഭോസ്‌ലേ നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ്.

ശനിയാഴ്ചയാണ് ആശാ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേക്കുറിച്ച് അവരുടെ കുടുംബം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വാർത്താ ഏജൻസിയായ IANS-നെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ആശാ ഭോസ്‌ലെയുടെ സംഗീത ജീവിതം വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ടിൽ പിറന്ന 'ആവോ ഹുസൂർ തുംകോ', ആർ.ഡി. ബർമ്മനോടൊപ്പമുള്ള 'ചുര ലിയാ ഹേ തുംനേ ജോ ദിൽ കോ' തുടങ്ങിയ ഗാനങ്ങൾ ഇന്നും സംഗീതപ്രേമികൾക്കിടയിൽ സുപരിചിതമാണ്. 'പിയാ തൂ അബ് തോ ആജാ', 'യേ മേരാ ദിൽ' തുടങ്ങിയ ഗാനങ്ങളിലൂടെ അവർ ഹിന്ദി സിനിമാ സംഗീതത്തിൽ പുതിയൊരു തരംഗം തന്നെ സൃഷ്ടിച്ചു.

1990-കളിലും 2000-ന്റെ തുടക്കത്തിലും എ.ആർ. റഹ്മാനുമായുള്ള സഹകരണത്തിലൂടെ 'തൻഹ തൻഹ', 'രംഗീല റേ' തുടങ്ങിയ ഐക്കണിക് ഗാനങ്ങൾ അവർ സമ്മാനിച്ചു. 'കഭി തോ നസർ മിലാവോ' പോലുള്ള ഇൻഡിപോപ്പ് ഗാനങ്ങളിലൂടെ പുതിയ തലമുറയുടെയും പ്രിയങ്കരിയായി മാറാൻ ആശാ ഭോസ്‌ലെയ്ക്ക് കഴിഞ്ഞു.

ഇന്ത്യൻ സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. 2000-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008-ൽ പത്മവിഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. കൂടാതെ 'ഉംറാവോ ജാൻ', 'ഇജാസത്ത്' എന്നീ ചിത്രങ്ങളിലെ മികച്ച ആലാപനത്തിന് രണ്ട് തവണ ദേശീയ ചലച്ചിത്ര അവാർഡുകളും അവർ സ്വന്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/352933/heart-attack-singer-asha-bhosle-admitted-to-hospital)