കോഴിക്കോട്: ( www.truevisionnews.com ) 21.77 ഗ്രാം എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയുമായി 6 യുവാക്കൾ അറസ്റ്റിൽ. മലപ്പുറം ചേലേമ്പ്ര സ്വദേശികളായ പുത്തലത്ത് വീട്ടിൽ ഷാഹിദ് ഹുസൈൻ (29), മണലേപ്പിൽ വീട്ടിൽ എം.അഭിനവ് (19), പുലാട്ടിൽ വീട്ടിൽ പി.അക്ഷിത്ത് (19), കൊളങ്ങര ഇടിയാട്ട് വീട്ടിൽ എ.റിഥുൻ (22), കോഴിക്കോട് ചാലിയം സ്വദേശി വൈരം വളപ്പിൽ വീട്ടിൽ അബു താഹിർ (26), ഫറോക്ക് ചുങ്കം സ്വദേശി മുത്തേടത്ത് വീട്ടിൽ കെ.കെ.സിറാജ്ജുദ്ധീൻ (27) എന്നിവരെ കോഴിക്കോട് സിറ്റി നാർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ കെ.ജെ.ജോൺസന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും ഫറോക്ക് ഇൻസ്പെക്ടർ ലതീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും കോഴിക്കോട് രാമനാട്ടുകര വച്ച് പിടികൂടി.
കുറച്ചു ദിവസങ്ങളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്ന പ്രതികൾ ഒത്തുകൂടാൻ സാധ്യതയുള്ള സ്ഥലങ്ങൾ നിരീക്ഷണം നടത്തുന്നതിനിടെയാണ് ഇവർ രാമനാട്ടുകരയിലെ ഒരു ലോഡ്ജിൽ ലഹരിമരുന്നു സഹിതം പൊലീസിന്റെ പിടിയിലായത്. സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ ചെറിയ പാക്കറ്റുകൾ ആക്കി ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി എന്നീ സ്ഥലങ്ങളിലെ യുവാക്കൾക്കിടയിലും വിദ്യാർഥികൾക്കിടയിലും വിൽപ്പന നടത്തുന്നതാണ് പ്രതികളുടെ രീതി.
പിടിച്ചെടുത്ത ലഹരിമരുന്ന് സ്കൂൾ അവധിക്കാലം ലക്ഷ്യമാക്കി കൊണ്ടു വന്നതാണെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. പ്രതികൾ സ്ഥിരം ലഹരി വിൽപനക്കാരാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 155 ഗ്രാം എംഡിഎംഎ യുമായി രാമനാട്ടുകര വച്ച് ഷാഹിദ് ഹുസൈനും അബു താഹിറും പൊലീസിന്റെ പിടിയിലായിരുന്നു. ഈ കേസിൽ 6 മാസം ജയിലിലായ ശേഷം ജാമ്യത്തിൽ ഇറങ്ങിയതിനിടെയാണ് വീണ്ടും ലഹരിമരുന്നു കേസിൽ പിടിയിലാകുന്നത്.
ബെംഗളൂരുവിൽ നിന്നും മൊത്തമായി ലഹരിമരുന്ന് എത്തിച്ച് ചില്ലറ വിൽപന നടത്തുകയാണ് പ്രതികൾ ചെയ്തുവന്നത്. ഇവരുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും ഫറോക്ക് പൊലീസ് പരിശോധിച്ചു വരികയാണ്. ഇവരിൽ നിന്ന് മറ്റു ലഹരി വിൽപനക്കാരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഫറോക്ക് പൊലീസ് അവരെ നിരീക്ഷിച്ചു വരികയാണ്. ഫറോക്ക് പൊലീസ് സ്റ്റേഷൻ എസ്ഐ സാജിനി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സനൂപ്, സുമേഷ്, സിവിൽ പൊലീസ് ഓഫിസർ ആഷിദ്, സിറ്റി ഡാൻസാഫ് അംഗങ്ങളായ എസ്ഐ മനോജ് എടയേടത്ത്, സരുൺ കുമാർ, ലതീഷ്, അതുൽ, ദിനീഷ്, ശ്രീശാന്ത്, മുഹമ്മദ് മഷൂർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Six youths arrested with Rs 22,800 in MDMA and narcotics in Ramanattukara Kozhikode

































