കൊച്ചി: ( www.truevisionnews.com ) കളമശേരിയിൽ യുവതിയെ അതിക്രൂരമായി ആക്രമിച്ച് സ്വർണവും പണവും കവർന്ന പ്രതിയെ പിടികൂടി പൊലീസ്. പാലക്കാട് അഗളി സ്വദേശിയാണ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പിടിയിലായത്. മോഷണം മാത്രമല്ല, ലൈംഗികമായി ഉപദ്രവിക്കുക കൂടിയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി. തിരിച്ചറിയൽ പരേഡ് ഉൾപ്പെടെ നടത്താനുള്ളതിനാൽ പ്രതിയുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കളമശേരി സെന്റ് ജോസഫ് പള്ളിക്ക് സമീപം റെയിൽവേ പാലം കടന്നുപോകുന്നതിനിടെ ആയിരുന്നു കണ്ണൂർ സ്വദേശിയായ യുവതി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. ജോലി കഴിഞ്ഞ് രാത്രി എട്ട് മണിയോടെ താമസസ്ഥലത്തേക്ക് പോകും വഴി പിന്നിൽ നിന്നെത്തിയ ആൾ തലയിലൂടെ തുണിയിട്ട് ചവിട്ടി വീഴ്‌ത്തി. കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം ആഭരണം ഉൾപ്പെടെ കവർന്ന് രക്ഷപ്പെടുകയായിരുന്നു.യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രദേശത്തെ 200ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ഒരു ലക്ഷത്തോളം മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചുമാണ് പൊലീസ് അഗളി സ്വദേശിയിലേക്കെത്തിയത്. ഇന്നലെയാണ് പാലക്കാട്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ കെഎസ്‌ഇബി കരാർ തൊഴിലാളിയായി ജോലി ചെയ്‌തിരുന്ന പ്രതിക്ക് പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. നിലവിൽ ഇയാൾ കൊച്ചി പത്തടിപ്പാലത്ത് മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുകയാണ്.
സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഇയാൾ യുവതിയെ കണ്ടത്. മോഷ്‌ടിച്ച സ്വർണമാലയും കമ്മലും കണ്ടെത്താൻ പൊലീസിനായില്ല. യുവതിയുടെ മൊബൈൽ ഫോൺ പ്രതിയുടെ കൈവശം ഉണ്ടായിരുന്നു. ബലാത്സംഗശ്രമം നടന്നതിനാൽ ഈ വകുപ്പുകൾ കൂടി പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
kalamassery attack accused arrested and more details out
































