തിരുവനന്തപുരം: (truevisionnews.com) കേരളത്തിന്റെ ഔദ്യോഗിക ഭാഷാ വിനിമയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന 'മലയാള ഭാഷാ ബിൽ-2025'ന് ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകി.
ഗവർണർ ഒപ്പിട്ടതോടെ സംസ്ഥാനത്തെ ഭരണഭാഷയായി മലയാളത്തെ പൂർണ്ണമായും മാറ്റുന്നതിനുള്ള നിയമം ഉടൻ പ്രാബല്യത്തിൽ വരും. 1969-ലെ ഔദ്യോഗിക ഭാഷാ നിയമത്തിന് പകരം മലയാളത്തെ സാർവത്രികമാക്കാനും നിയമപരമായി സംരക്ഷിക്കാനുമുള്ള വ്യവസ്ഥകളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കുന്നതിനൊപ്പം സർവ്വകലാശാല പാഠ്യപദ്ധതികളിൽ മലയാളം ഒരു വിഷയമായി പരിഗണിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
കൂടാതെ, കോടതി നടപടികൾ, സർക്കാർ ഉത്തരവുകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മലയാളത്തിലാക്കാനും മലയാളം പഠനഭാഷയാക്കിയവർക്ക് പ്രൊഫഷണൽ കോഴ്സുകളിൽ സംവരണം നൽകാനുമുള്ള സുപ്രധാന നിർദ്ദേശങ്ങൾ ബില്ലിലുണ്ട്. അർദ്ധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും.
ബില്ലിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നെങ്കിലും കേരളം ആ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും വസ്തുതകൾക്ക് നിരക്കാത്ത പ്രചാരണങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധരാമയ്യയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
കാസർകോട്ടെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ ബി.ജെ.പിയും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ഉന്നയിച്ചിരുന്നെങ്കിലും, എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള ജനാധിപത്യപരമായ നിയമമാണിതെന്ന് സർക്കാർ ഉറപ്പിച്ചു പറഞ്ഞു. സാംസ്കാരിക നായകർ ഉൾപ്പെടെയുള്ളവരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.
Governor Rajendra Arlekar approves 'Malayalam Language Bill-2025'

































