കൊച്ചി: (truevisionnews.com) ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ളക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനെ കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
എസ്.ഐ.ടി അറസ്റ്റ് ചെയ്തതിനെത്തുടർന്ന് മൂന്ന് മാസത്തോളം ജയിൽവാസമനുഭവിച്ച വാസുവിന് സ്വാഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡി നടപടി. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശബരിമല തന്ത്രിക്കും ഇഡി സമൻസ് അയച്ചിട്ടുണ്ട്.
കേസിൽ ആകെ 28 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ നടൻ ജയറാം ഉൾപ്പെടെയുള്ള സാക്ഷികളെ വിളിച്ചുവരുത്തി ഇഡി മൊഴിയെടുത്തിരുന്നു.
എന്നാൽ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇതുവരെ സമൻസ് അയച്ചിട്ടില്ല. അതേസമയം, കേസിലെ മറ്റൊരു പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. ദ്വാരപാലക ശില്പ കേസിലെ ജാമ്യഹർജിയിലാണ് നാളെ തീരുമാനമുണ്ടാകുക.
നേരത്തെ കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച പത്മകുമാറിന് ദ്വാരപാലക കേസിൽ കൂടി ജാമ്യം ലഭിച്ചാൽ ജയിൽ മോചിതനാകാൻ സാധിക്കും. കേസിലെ ഏഴ് പ്രതികൾ ഇതിനോടകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ച് പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചിട്ടുള്ളത്.
Sabarimala gold robbery case, ED questions N. Vasu

































