പാലക്കാട്: (truevisionnews.com) കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ വിചാരണ നടപടികൾക്ക് തുടക്കമായി. പ്രതിയായ ചെന്താമര മുൻകൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകങ്ങൾ നടത്തിയത് എന്നതിലേക്ക് വിരൽ ചൂണ്ടുന്ന നിർണ്ണായക വെളിപ്പെടുത്തലുകളാണ് സാക്ഷി ഹരിദാസൻ കോടതിയിൽ നടത്തിയത്. സ്വയരക്ഷയ്ക്കായി ഒരു തോക്ക് സംഘടിപ്പിച്ചു നൽകാൻ ചെന്താമര തന്നോട് ആവശ്യപ്പെട്ടിരുന്നതായി ഹരിദാസൻ മൊഴി നൽകി.
തോക്കിന് പുറമെ, കൃഷി ആവശ്യത്തിനെന്ന വ്യാജേന ചെന്താമര കീടനാശിനിയും ചോദിച്ചിരുന്നു. ഇതനുസരിച്ച് താൻ കീടനാശിനി വാങ്ങി നൽകിയതായും സാക്ഷി കോടതിയെ അറിയിച്ചു. പ്രശ്നങ്ങൾ ഉണ്ടാക്കാൻ വരുന്നവരെ വകവരുത്തുമെന്ന് ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, ഇതിനായി എലവഞ്ചേരിയിൽ കൊടുവാൾ നിർമിക്കാൻ നിർദേശം നൽകിയിരുന്നതായും മൊഴിയിലുണ്ട്. പ്രോസിക്യൂഷൻ നിരത്തുന്ന വാദങ്ങളെ ബലപ്പെടുത്തുന്നതാണ് വിചാരണയുടെ ആദ്യ ഘട്ടത്തിൽ പുറത്തുവരുന്ന ഈ മൊഴികൾ.
നെന്മാറ സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ചെന്താമര 2025 ജനുവരി 27നു സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിന്റെ വിചാരണയാണ് ഇപ്പോൾ കോടതിയിൽ നടക്കുന്നത്.
Crucial witness statement against Chenthamara in Nenmara double murder case
































